ലണ്ടന്‍: കഠാരകയ്യില്‍ കരുതുന്നത് ചിലരുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. മനോഹരമായ പലതരത്തിലുള്ള കഠാരകള്‍ ശേഖരിക്കുന്നവരുമുണ്ട്. എന്നാല്‍ ബ്രിട്ടനിലെ ഒരു ആശുപത്രിയില്‍ കഴിഞ്ഞ ദിവസമെടുത്ത എക്സറേയില്‍ കണ്ട കഠാരയുടെ ദൃശ്യം ഡോക്ടര്‍മാരെ ഞെട്ടിച്ചിരിക്കുകയാണ്. 

ഇടുുപ്പിലൂടെ പിടിയടക്കം പൂര്‍ണ്ണമായും അകത്തേക്ക് കുത്തിയിറക്കിയ കഠാരയുമാണ് ഒരാള്‍ ആശുപത്രിയിലെത്തിയത്. എക്സറെ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. കഠാരയുടെ പിടികൂടി അകത്തെത്തണമെങ്കില്‍ കുത്തിയത് എത്ര ശക്തിയിലായിരിക്കുമെന്നാണ് അവരെ അതിശയിപ്പിച്ചത്. സ്വിന്‍ഡണിലെ കോവിംഗ്ഹാമില്‍ ആണ് സംഭവം.

ബ്രിട്ടനിലെ തെരുവുകളില്‍ ആക്രമണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസിനെ സമാധാനപാലനത്തിനായി നിയമിച്ചിട്ടുണ്ട്. ജാക്ക് പാര്‍ഫിറ്റ്, പാര്‍ക്കര്‍ എന്നിവരാണ് കത്തിക്കുത്ത് നടത്തിയത്. കുത്തേറ്റ ആളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്ക് പ്രായം 17 വയസ്സ് മാത്രമാണ്. 

പ്രണയത്തിന്‍റെ പേരിലാണ് ആക്രമണമുണ്ടായത്. ഗര്‍ഭിണിയായ തന്‍റെ കാമുകിയെ സഹപ്രവര്‍ത്തകന്‍ ശല്യം ചെയ്യുന്നുവെന്ന പാര്‍ഫിറ്റിന്‍റെ തോന്നലാണ് ആക്രമണത്തിലെത്തിച്ചത്. കത്തി ഓപ്പറേഷനിലൂടെയാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. കുത്തേറ്റയാളുടെ നില ഇപ്പോള്‍ തൃപ്തികരമാണ്. എന്നാല്‍ ആന്തരികാവയവങ്ങള്‍ക്ക് സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്.