ബാങ്കോംഗ്: തായ്‍ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച കാട്ടാനക്കൂട്ടത്തിന് ദാരുണാന്ത്യം. തായ്‍ലന്‍ഡിലെ ഖായോ യൈ നാഷണല്‍ പാര്‍ക്കിലാണ് ആരെയും ദുഖിപ്പിക്കുന്ന സംഭവമുണ്ടായത്. ഹേവ് നാരോക് (നരകത്തിലെ വെള്ളച്ചാട്ടം) വെള്ളച്ചാട്ടത്തിലാണ് കാട്ടാന കുട്ടി കാല്‍ വഴുതി വീണത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ആനകള്‍ പിന്നാലെ വീണു. ഇവരെ രക്ഷിക്കാന്‍ മറ്റ് ആനകളും വെള്ളച്ചാട്ടത്തിലേക്ക് വീണു.

കാട്ടാനകള്‍ ഏറെ നേരം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇവരെ കരക്ക് കയറ്റാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും വഴുക്കുന്ന പാറ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. പുലര്‍ച്ചെ ആനകളുടെ ഭയാനകമായ കരച്ചില്‍ കേട്ടാണ് അധികൃതര്‍ എത്തിയത്. മൂന്ന് വയസ്സ് പ്രായമുള്ള കാട്ടാനക്കുട്ടിയുടെ ജഡം ആദ്യം കണ്ടെത്തി. സമീപത്ത്നിന്ന് മറ്റ് ആനകളുടെയും ജഡം ലഭിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. 

രാത്രിയില്‍ പെരുമഴ പെയ്തതാകാം അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി വെള്ളച്ചാട്ടത്തിലേക്കുള്ള സന്ദര്‍ശനം നിര്‍ത്തിവെച്ചു. 1992ല്‍ ഇതേ വെള്ളച്ചാട്ടത്തില്‍ വീണ് എട്ട് ആനകള്‍ ചത്തിരുന്നു.