സ്ഥിരമായി പാമ്പുകളെ കൈകാര്യം ചെയ്യുന്നതിനാൽ സ്വന്തം പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ടിം പാമ്പിന്റെ വിഷം ശരീരത്തിൽ കുത്തിവയ്ക്കാൻ ആരംഭിച്ചത്

ന്യൂയോർക്ക്: പാമ്പ് കടിയേൽക്കുമ്പോൾ പരിഹാരമായി ഒരു മനുഷ്യന്റെ രക്തം. അമേരിക്കക്കാരനായ ടിം ഫ്രീഡേ എന്നയാളുടെ രക്തത്തിൽ നിന്നാണ് പാമ്പുകടിക്കുള്ള ആന്റി വെനം സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. മനപൂർവ്വം സ്വന്തം ശരീരത്തിൽ ഇരുപതിലേറെ തവണയാണ് മാരക വിഷമുള്ള പാമ്പുകളുടെ വിഷമാണ് ഇയാൾ കുത്തിവച്ചത്. ഇതിന്റെ ഫലമായി ടിമ്മിന്റെ രക്തത്തിൽ രൂപം കൊണ്ടിട്ടുള്ള ആന്റിബോഡികൾ ഉപയോഗിച്ചുള്ള ആന്റി വെനം വലിയൊരു വിഭാഗം പാമ്പുകടിക്ക് പ്രതിരോധം സൃഷ്ടിക്കുമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

ആഗോളതലത്തിൽ ആന്റി വെനം തയ്യാറാക്കുന്നതിൽ നിർണായകമാണ് ടിമ്മിന്റെ രക്തമുപയോഗിച്ചുള്ള പരീക്ഷണമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. 140000ത്തോളം ആളുകളാണ് ഓരോ വർഷവും പാമ്പ് കടിയേറ്റ് കൊല്ലപ്പെടുന്നത്. ഇതിന്റെ മൂന്നിരട്ടിയോളം ആളുകൾക്കാണ് പാമ്പ് കടിയേറ്റത് മൂലം ശരീര ഭാഗങ്ങൾ സ്ഥിരമായി മുറിച്ച് മാറ്റേണ്ടി വരുന്നത്. ലോകത്തിലെ വിഷമേറിയ പാമ്പുകളിൽ നിന്നായി 700 ഇൻജക്ഷനുകളാണ് ടിം കുത്തിവച്ചത്. 200 തവണ ഇയാൾക്ക് പാമ്പ് കടിയേൽക്കുകയും ചെയ്തിട്ടുണ്ട്. മൂർഖൻ, മാംബ, തായ്പാൻ, ശംഖുവരയൻ അടക്കമുള്ളവയുടെ വിഷം ഇതിൽ ഉൾപ്പെടും. 

സ്ഥിരമായി പാമ്പുകളെ കൈകാര്യം ചെയ്യുന്നതിനാൽ സ്വന്തം പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ടിം പാമ്പിന്റെ വിഷം ശരീരത്തിൽ കുത്തിവയ്ക്കാൻ ആരംഭിച്ചത്. മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോമയിൽ ആയതിന് പിന്നാലെയാണ് ടിം ഇത്തരമൊരു ശ്രമം ആരംഭിച്ചത്. മരിക്കാനോ, ഒരു വിരൽ പോലും നഷ്ടമാകാനോ താൽപര്യമില്ലെന്നാണ് ടിം പ്രതികരിക്കുന്നത്. നിലവിൽ വിഷം കുതിര അടക്കമുള്ള ജീവികളിൽ കുത്തിവച്ചാണ് ആന്റി വെനം തയ്യാറാക്കുന്നത്. 

എന്നാൽ ഓരോ വിഷത്തിലും അടങ്ങിയിട്ടുള്ള വിഷ പദാർത്ഥത്തിന്റെ മാറ്റമാണ് ആന്റി വെനം നിർമ്മാണത്തെ ഏറെ വെല്ലുവിളികൾ സൃഷ്ടിക്കുന്നതാവുന്നത്. ഇന്ത്യയിലെ ചില വിഭാഗം പാമ്പുകടിയ്ക്കുള്ള ആന്റിവെനം ശ്രീലങ്കയിലെ ഇതേയിനം പാമ്പിന്റെ കടിക്ക് പ്രതിരോധം സൃഷ്ടിക്കുന്നതിൽ ചിലപ്പോഴൊക്കെ സാധിക്കാതെ പോവാറുണ്ട്. ഇതിന് പിന്നാലെയാണ് സെന്റിവാക്സ് എന്ന സ്ഥാപനത്തിലെ ബയോടെക്നോളജി വിഭാഗം ചീഫ് എക്സിക്യുട്ടീവ് ഡോ ജേക്കബ് ഗ്ലാൻവിലേ ടിമ്മിനെ സമീപിക്കുന്നത്. കടൽപാമ്പുകൾ, മാംബ, മൂർഖൻ, തയ്പാൻ, ശംഖുവരയൻ അടക്കമുള്ള പാമ്പുകളുടെ ആന്റി വെനം തയ്യാറാക്കൽ ലക്ഷ്യമിട്ടായിരുന്നു ഗവേഷണം. ലോകാരോഗ്യ സംഘടന ഏറ്റവും വിഷമുള്ള പാമ്പുകളായി വിലയിരുത്തിയ 19 ഇലാപിഡ് ഇനത്തിലുള്ള പാമ്പുകളുടെ വിഷത്തിലാണ് ടിമ്മിന്റെ രക്തമുപയോഗിച്ചുള്ള ഗവേഷണം നടന്നത്. 

ഇതിൽ 13 ഇനത്തിനുള്ള ആന്റിവെനം ടിമ്മിന്റെ രക്തത്തിലെ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിക്കാനായെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്. സമാനതകളില്ലാത്ത സംരക്ഷണം സൃഷ്ടിക്കാനാണ് ശ്രമമെന്നാണ് ഡോ ജേക്കബ് ഗ്ലാൻവിലേ വിശദമാക്കുന്നത്. നിലവിൽ ആന്റി വെനം ലഭ്യമല്ലാത്ത ഇലാപിഡ പാമ്പുകൾക്ക് മനുഷ്യ രക്തത്തിലെ ഘടകങ്ങൾ ഉപയോഗിച്ച് ആന്റി വെനം കണ്ടെത്താനായത് നിർണായകമാണെന്നും ഡോ ജേക്കബ് ഗ്ലാൻവിലേ ബിബിസിയോട് വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം