അന്റാർട്ടിക്കയിലെ കിംഗ് ജോർജ്ജ് ദ്വീപിലാണ് 19കാരൻ അനുമതിയില്ലാതെ വിമാനം ഇറക്കിയത്

സാൻറിയാഗോ: കാൻസ‍ർ ഗവേഷണത്തിനായി ഏഴ് ഭൂഖണ്ഡങ്ങളിലൂടെ തനിയെ വിമാനം പറത്തി 9 കോടി കണ്ടെത്താൻ ശ്രമിച്ച 19കാരനായ വ്ലോഗർ പിടിയിലായി. അന്റാർട്ടിക്കയിൽ അനധികൃതമായി ലാൻഡ് ചെയ്തതിന് പിന്നാലെയാണ് യുഎസ് പൗരനായ ഈഥൻ ഗുവോ എന്ന കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ ടെന്നസിയിലെ മെംഫിസ് സ്വദേശിയാണ് ചിലിയിൽ പിടിയിലായത്. അന്റാർട്ടിക്കയിലെ കിംഗ് ജോർജ്ജ് ദ്വീപിലാണ് ഈഥൻ ഗുവോ വിമാനമിറക്കിയത്. ഏഴ് ഭൂഖണ്ഡങ്ങളിലൂടെ തനിച്ച് വിമാനം പറത്താനുള്ള ശ്രമത്തിനിടയിലാണ് സംഭവം.

സെസ്ന 182 ക്യു വിമാനത്തിലാണ് ഈഥൻ ഗുവോ തന്റെ ദൗത്യം തുടങ്ങിയത്. ചിലിയിലെ അധികൃതർക്ക് തെറ്റായ ഫ്ലൈറ്റ് പ്ലാനാണ് 19കാരൻ നൽകിയത്. ദക്ഷിണ ചിലിയിലെ പൂന്ത അരീനസിന് മുകളിലൂടെ പറക്കുമെന്ന് വിശദമാക്കി പ്ലാൻ സമ‍ർപ്പിച്ച ശേഷം അന്റാർട്ടിക്കയിൽ ചിലിയുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് 19 കാരൻ വിമാനമെത്തിച്ചത്. വ്യോമഗതാഗത മേഖലയിൽ വലിയ രീതിയിലുള്ള ആശങ്ക ഉയ‍ത്തുന്നതിന് 19കാരന്റെ നടപടി കാരണമായെന്നാണ് ചിലി വിശദമാക്കുന്നത്. ചിലിയിലെ വ്യോമഗതാഗത നിയമങ്ങൾ 19കാരൻ ലംഘിച്ചുവെന്നും അധികൃതർ വിശദമാക്കി. ചെറിയ കാലത്തേക്ക് ജയിൽവാസത്തിനുള്ള സാധ്യതകളുള്ള കുറ്റങ്ങളാണ് 19കാരന്റെ മേൽ ചുമത്തിയിട്ടുള്ളത്.

140 ദിവസങ്ങൾകൊണ്ട് 7 ഭൂഖണ്ഡങ്ങളിലൂടെ ഒറ്റയ്ക്ക് വിമാനം ഓടിക്കാൻ ലക്ഷ്യമിട്ടായിരുന്നു 19കാരന്റെ യാത്ര. 100 ദിവസം പിന്നിട്ട യാത്രയുടെ അവസാന ഭാഗത്താണ് 19കാരന് അപ്രതീക്ഷിത വെല്ലുവിളി നേരിട്ടിട്ടുള്ളത്. അന്റാർട്ടിക്ക ഒഴികെയുള്ള 6 ഭൂഖണ്ഡങ്ങളിലും ഇതിനോടകം 19കാരൻ എത്തിയിരുന്നു. 2021ൽ ഉറ്റ ബന്ധുവിന് കാൻസർ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൗമാരക്കാരൻ കാൻസർ ഗവേഷണത്തിനായി ധനസമാഹരണത്തിനായുള്ള ശ്രമം ആരംഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം