ഗാസയിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയ്ക്ക് നേരെ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണമുണ്ടായതിനെ തുടർന്ന് സ്പെയിനും ഇറ്റലിയും സുരക്ഷയ്ക്കായി നാവിക സേനയെ അയച്ചു. 

മാഡ്രിഡ്: ​ഗാ​സയി​ലേ​ക്ക് അ​വ​ശ്യ ​വ​സ്തു​ക്ക​ളു​മാ​യി പു​റ​പ്പെ​ട്ട ഗ്ലോ​ബ​ൽ സു​മു​ദ് ഫ്ലോ​ട്ടി​ല​യ്ക്ക് (ജിഎസ്എഫ്) സു​ര​ക്ഷ​യൊ​രു​ക്കാ​ൻ നാ​വി​ക സേ​നയുടെ ക​പ്പ​ലു​ക​ള​യ​ച്ച് സ്പെ​യി​നും ഇ​റ്റ​ലി​യും. സഹായ ബോട്ടുകൾക്കു നേ​രെ ഇ​സ്രയേ​ലിന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാണിത്. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ ഇ​റ്റ​ലി രണ്ടാം തവണയാണ് ക​പ്പ​ലാ​ണ് അ​യ​ക്കു​ന്ന​ത്. നേരത്തെ ഗ്രീ​സും സുര​ക്ഷ​യ്ക്കാ​യി യു​ദ്ധ​ക്ക​പ്പ​ൽ അ​യ​ച്ചി​രു​ന്നു.

"ഞങ്ങൾ ഒരു കപ്പൽ അയച്ചിട്ടുണ്ട്, മറ്റൊന്ന് യാത്രയിലാണ്, ഏത് സാഹചര്യവും നേരിടാൻ തയ്യാറായി"- എന്നാണ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ പാർലമെന്‍റിൽ പറഞ്ഞത്. ഇ​റ്റ​ലി​യു​മാ​യി ചേ​ർ​ന്ന് ഫ്ലോട്ടിലയ്ക്ക് സുരക്ഷ ഒരുക്കും എന്നാണ് സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സ​ാഞ്ച​സ് അറിയിച്ചത്. 45 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഫ്ലോട്ടിലയിലുള്ളത്. ഇ​വ​ർ​ക്ക് മെ​ഡിറ്റ​റേ​നി​യ​ൻ ക​ട​ലി​ലൂ​ടെ അപകടമില്ലാതെ സ​ഞ്ച​രി​ക്കാ​ൻ അ​വ​കാ​ശ​മുണ്ടെന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​പ്പെടണമെന്നും പെ​ഡ്രോ സാഞ്ചെസ് പ്രതികരിച്ചു. 51 ചെ​റു​ക​പ്പ​ലു​ക​ളിലായാണ് ഗാസയിലേക്ക് സഹായം എത്തിക്കുന്നത്.

നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്കരിച്ച് രാജ്യങ്ങൾ

അതേസമയം ഗാസയിലെ കൂട്ടക്കുരുതിയെയും നിലവിലെ ആക്രമണങ്ങളെയും ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗം ബഹിഷ്കരിച്ച് നിരവധി രാജ്യങ്ങൾ. യുഎൻ ജനറൽ അസംബ്ലിയിൽ നെതന്യാഹു പ്രസംഗിക്കുമ്പോൾ നിരവധി നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഹാൾ വിട്ടുപോയതോടെ വേദി ഏതാണ്ട് ഒഴിഞ്ഞ നിലയിലായിരുന്നു. അതേസമയം ഹമാസിൻ്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രയേൽ ഗാസയിലെ ദൗത്യം പൂർത്തിയാക്കും. അത് എത്രയും വേഗം ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു.

പ്രസംഗത്തിന് മുന്നോടിയായി, നെതന്യാഹുവിൻ്റെ നിർദേശപ്രകാരം ഇസ്രയേൽ സൈന്യം ഗാസയ്ക്ക് ചുറ്റും ഉച്ചഭാഷിണികൾ സ്ഥാപിച്ചിരുന്നു. തൻ്റെ വാക്കുകൾ ഗാസയിലുടനീളം നേരിട്ട് സ്ട്രീം ചെയ്യാനും ഇസ്രയേലിൻ്റെ ഇൻ്റലിജൻസിന് നിർദേശം നൽകിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസംഗത്തിൽ ഹമാസ് നേതാക്കളോട് "കീഴടങ്ങുക, ആയുധങ്ങൾ താഴെവെക്കുക, ബന്ദികളെ മോചിപ്പിക്കുക" എന്നും ഇസ്രയേൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇറാൻ ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണെന്നും ഇറാനെതിരായ ഉപരോധങ്ങൾ തുടരണമെന്നും നെതന്യാഹു തൻ്റെ പ്രസംഗത്തിൽ പറ‍ഞ്ഞു.