Asianet News MalayalamAsianet News Malayalam

സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്ക വിദേശത്തെ എംബസികൾ അടച്ചുപൂട്ടുന്നു, വിലക്കയറ്റം രൂക്ഷം

പ്രതിസന്ധി അതീവ രൂക്ഷമായതോടെ ശ്രീലങ്കൻ എണ്ണക്കമ്പനികൾ പെട്രോളിന്റെ വില കുത്തനെ കൂട്ടി. 20 ശതമാനം വില വ‌ർധിപ്പിച്ചതോടെ ഒറ്റ ദിവസം കൊണ്ട് പെട്രോൾ വില 254 ൽ നിന്ന് 303 രൂപയിലേക്കെത്തി. 

Sri Lanka closes embassies in foreign countries due to financial crisis
Author
Colombo, First Published Mar 27, 2022, 1:41 PM IST

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്ക (Sri Lanka) വിദേശത്തെ എംബസികൾ അടച്ചുപൂട്ടുന്നു. ഇറാഖ്, നോർവേ, സുഡാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേതടക്കമുള്ള എംബസികളാണ് ശ്രീലങ്ക അടയ്ക്കുന്നത്. വിദേശ എംബസികളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ലങ്കൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പ്രതിസന്ധി അതീവ രൂക്ഷമായതോടെ ശ്രീലങ്കൻ എണ്ണക്കമ്പനികൾ പെട്രോളിന്റെ വില കുത്തനെ കൂട്ടി.

20 ശതമാനം വില വ‌ർധിപ്പിച്ചതോടെ ഒറ്റ ദിവസം കൊണ്ട് പെട്രോൾ വില 254 ൽ നിന്ന് 303 രൂപയിലേക്കെത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെ പവർകട്ട് തുടരുകയാണ്. 40,000 ടൺ സീഡൽ നൽകുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ. വിദേശകാര്യമന്ത്രി എസ് ജയശങ്കർ നാളെ ശ്രീലങ്കയിലെത്തുന്നുണ്ട്. മാലിദ്വീപ് സന്ദർശനത്തിന് ശേഷം ഉഭയകക്ഷി ചർച്ചകൾക്കായാണ് ജയശങ്കർ എത്തുന്നത്. കഴിഞ്ഞാഴ്ച ഇന്ത്യ സന്ദർശിച്ച ശ്രീലങ്കൻ വിദേശകാര്യമന്ത്രി കൂടുതൽ ഇടപെടൽ തേടിയിരുന്നു. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ, ചൈന രണ്ടായിരം ടൺ അരി ശ്രീലങ്കയിലേക്ക് അയക്കും.

ഇതിനിടെ, നിലവിലെ അവസ്ഥ സംബന്ധിച്ച ലോകബാങ്ക് റിപ്പോർട്ട് ഇന്ന് ശ്രീലങ്കൻ പാർലമെന്റിൽ അവതരിപ്പിക്കും. ആദായനികുതി, വാറ്റ് തുടങ്ങിയവ വർധിപ്പിക്കുന്നതടക്കമുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. കടലാസ് ക്ഷാമം രൂക്ഷമായതോടെ കൂടുതൽ ന്യൂസ്പേപ്പറുകൾ ലങ്കയിൽ പ്രവർത്തനം അവസാനിപ്പിച്ചു. വിലക്കയറ്റം രൂക്ഷമായതോടെ കലാപത്തിലേക്ക് നീങ്ങുകയാണ് ലങ്ക. പ്രസിഡന്‍റ് ഗോതബായ രാജപ്ക്സേയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ കൊളംബോയിൽ ഉൾപ്പെടെ ജനങ്ങൾ തെരുവിലിറങ്ങി. അക്രമവും കൊലപാതകങ്ങളും കൂടിയതായി റിപ്പോർട്ടുകളുണ്ട്.

  • ശ്രീലങ്കയിൽ നിന്നെത്തിയ തമിഴ് വംശജരെ അംഗീകരിക്കണം എന്നാവശ്യം, തീവ്രതമിഴ് വാദം ഉയർത്തുന്ന സംഘടനകൾ പ്രതിഷേധത്തിൽ

ചെന്നൈ: ശ്രീലങ്കയിൽ (SriLanka) നിന്നെത്തിയ തമിഴ്വംശജരെ അംഗീകരിക്കാത്തതിനെതിരെ പ്രതിഷേധം. തീവ്ര തമിഴ് വാദം ഉയർത്തുന്ന സംഘടനകളാണ് വരും ദിവസങ്ങളിൽ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. അഭയാർത്ഥികളായി പരിഗണിക്കണമെന്ന ശ്രീലങ്കൻ തമിഴരുടെ ആവശ്യം വൈകുകയാണ്. ശ്രീലങ്കൻ അഭയാർഥിപ്രശ്നം (Srilankan Refugees) എന്നും തമിഴ്‌നാട്ടിൽ വൈകാരിക വിഷയമാണ്. അധികാരം പിടിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തമിഴ്വാദം ഉയർത്തിക്കാട്ടാൻ തീവ്രസംഘടനകളും ഒരേ രീതിയിൽ പ്രയോഗിക്കുന്ന വിഷയം. സാമ്പത്തിക പ്രതിസന്ധി കാരണം ശ്രീലങ്കയിൽ നിന്ന് 16 പേർ തമിഴ്നാട്ടിലെത്തിയ പുതിയ സാഹചര്യത്തിൽ തമിഴ്രാഷ്ട്രീയവും പതിയെ ആ പഴയ തമിഴ് വാദത്തിലേക്ക് കടക്കുകയാണ്. 

ചൊവ്വാഴ്ചയാണ് ശ്രീലങ്കയിൽ നിന്ന് രണ്ട് സംഘങ്ങളായി 16 പേർ തമിഴ്നാട്ടിലെത്തിയത്. അനധികൃതമായി എത്തിയ ഇവരെ ജയിലിലിടാൻ കോടതി ഉത്തരവിട്ടെങ്കിലും തമിഴ്നാട് സർക്കാരിന്‍റെ പ്രത്യേക അപേക്ഷ പ്രകാരം രാമേശ്വരത്തെ മണ്ഡപം ക്യ‌മ്പിലേക്ക് മാറ്റി. അന്ന് മുതൽ മണ്ഡപം ക്യാംപ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും അണികളും കൊണ്ട് നിറഞ്ഞു. എന്നും ചെറു സംഘങ്ങളായി എത്തുന്ന ഇവർ ശ്രീലങ്കയിൽ നിന്നെത്തിയവരെ കാണുകയും അവർക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ശ്രീലങ്കൻ തമിഴർക്കൊപ്പമല്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ചരിത്ര സത്യം ഒരു രാഷ്ട്രീയ പാർട്ടിയും മറക്കുന്നില്ല.

എന്നാൽ കടുത്ത തമിഴ് വാദം ഉയർത്തുന്ന സംഘടനകൾ ഈ വിഷയത്തിൽ നിലപാട് കുറച്ച് കടുപ്പിച്ചിരിക്കുകയാണ്. ശ്രീലങ്കൻ തമിഴരെ അഭയാർത്ഥികളായി അംഗീകരിക്കാൻ വൈകുന്നതും അവർക്കെതിരെ എഫ്ഐആർ ഇട്ടതും നാം തമിഴർ പോലുള്ള സംഘടനകൾ അതിശക്തമായി എതിർക്കുന്നു. വരും ദിവസങ്ങളിൽ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ശ്രീലങ്കൻ തമിഴ് അഭയാർഥികൾ പുറത്തുനിർത്തപ്പെടുന്നു എന്നത് വർഷങ്ങൾക്ക് മുൻപേ ഉള്ള പ്രശ്നമാണ്. വിഷയം സങ്കീർണ്ണതയിലേക്ക് പോകും മുൻപ് പ്രശ്ന പരിഹാരത്തിനാണ് തമിഴ്നാട് സർക്കാരിന്‍റെ ശ്രമം. 

Follow Us:
Download App:
  • android
  • ios