വന്‍ സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ട ശ്രീലങ്കന്‍  സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോയുടെ കസേര തെറിച്ചു. 

കൊളംബോ: വന്‍ സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ട ശ്രീലങ്കന്‍ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോയുടെ കസേര തെറിച്ചു. ഹേമാസിരിയോടും പൊലീസ് മേധാവി ജനറല്‍ പുജിത് ജയസുന്ദരയോടും പ്രസിഡന്‍റ് മൈത്രിപാല സിരിസേന രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെ രാജി. ഇന്‍റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്ന് നേരത്തെ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.

മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ ആക്രമണത്തില്‍ 360 പേര്‍ മരിച്ചെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക കണക്ക്. സംഭവത്തില്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിന്‍റെ ഭാഗമായാണ് പ്രതിരോധ സെക്രട്ടറിയുടെ രാജി. ആക്രമണം നടത്തിയേക്കുമെന്ന വിവരം നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയിട്ടും തടയാൻ സാധിക്കാതിരുന്നത് സർക്കാരിനെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥർ നടപടിയെടുക്കാതിരുന്നതാണ് സ്ഫോടന പരമ്പര നടക്കാൻ കാരണമെന്നാണ് സിരിസേന ഇന്നലെ പറഞ്ഞത്. ഈസ്റ്റർ ദിനത്തിലെ ആക്രമണത്തിന് ശേഷം ഇന്നലെ ആദ്യമായി പ്രസിഡന്റ് ജനങ്ങളെ അഭിസംബോധന ചെയ്തു. ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നേരത്തെ വ്യക്തമായ സൂചന നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്ഫോടനം നടക്കുന്നതിന്‍റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യ ഭീകരന്‍റെ പേര് സഹിതം മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.