ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളിലെ വിനോദസഞ്ചാരികള്‍ക്കായി പുതിയ യാത്രാ നിയമം പ്രഖ്യാപിച്ച് ശ്രീലങ്ക. ഇത് പ്രകാരം, യാതൊരു ഫീസുമില്ലാതെ 30 ദിവസത്തേക്ക് 'ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍' (ഇടിഎ) വഴി ശ്രീലങ്ക സന്ദര്‍ശിക്കാം. ഈ പുതിയ പരിഷ്‌കാരം ഇന്ത്യന്‍ യാത്രക്കാരുടെ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ ലളിതമാക്കാനും സമയം ലാഭിക്കാനും സഹായിക്കും.

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പുതിയ യാത്രാ നിയമവുമായി ശ്രീലങ്ക. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ 40 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇനിമുതല്‍ യാതൊരു വിധ ഫീസുമില്ലാതെ 30 ദിവസത്തേക്ക് 'ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍' (ഇടിഎ) വഴി ശ്രീലങ്ക സന്ദര്‍ശിക്കാം. ഈ പുതിയ പരിഷ്‌കാരം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇ.ടി.എ വഴി യാത്ര ചെയ്യാന്‍ യോഗ്യതയുള്ള വിനോദസഞ്ചാരികള്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ പ്രത്യേകം വിസയുടെ ആവശ്യമില്ല. എന്നാല്‍ യാത്ര തിരിക്കുന്നതിന് മുന്‍പായി ഡിജിറ്റല്‍ ഇലക്ട്രോണിക് ട്രാവല്‍ അതോറിറ്റി വഴി അനുമതി തേടിയിരിക്കണം. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട 40 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാതൊരുവിധ നിരക്കുമില്ലാതെ ഇതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. മുന്‍പ്, സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ 30 ദിവസത്തെ ഡബിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്കായി 20 യുഎസ് ഡോളറും , മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 50 യുഎസ് ഡോളറും ഫീസായി നല്‍കണമായിരുന്നു. ഇതാണ് ഇപ്പോള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

കാലാവധിയും പ്രവേശന നിയമങ്ങളും

പുതിയ പദ്ധതി പ്രകാരം, യോഗ്യരായ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആദ്യമായി ശ്രീലങ്കയില്‍ എത്തുന്ന തീയതി മുതല്‍ 30 ദിവസത്തേക്ക് കാലാവധിയുള്ള ടൂറിസ്റ്റ് വിസയാണ് ലഭിക്കുക. ഈ 30 ദിവസത്തെ കാലാവധിക്കുള്ളില്‍ രണ്ട് തവണ ശ്രീലങ്കയില്‍ പ്രവേശിക്കാനുള്ള സൗകര്യവുമുണ്ട്.30 ദിവസത്തില്‍ കൂടുതല്‍ ശ്രീലങ്കയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിശ്ചിത ഫീസ് ഒടുക്കി വിസ കാലാവധി നീട്ടാന്‍ അപേക്ഷിക്കാവുന്നതാണ്.

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് എന്ത് നേട്ടം?

ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഈ പുതിയ പരിഷ്‌കാരം യാത്രാ നടപടികള്‍ വളരെ ലളിതമാക്കും. 2026 ഫെബ്രുവരിയില്‍ പുതുക്കിയ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയില്‍ വണ്‍- അറൈവല്‍ വിസ സൗകര്യമാണുണ്ടായിരുന്നത്. ഇത് സൗകര്യപ്രദമായിരുന്നെങ്കിലും വിമാനമിറങ്ങിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് പല നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടി വന്നിരുന്നു.

എന്നാല്‍ പുതിയ ഇ.ടി.എ നിലവില്‍ വന്നതോടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് തന്നെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഈ നടപടികള്‍ പൂര്‍ത്തിയാക്കാം. ഇത് വിമാനത്താവളത്തിലെ പരിശോധനകള്‍ കൂടുതല്‍ വേഗത്തിലാക്കാനും സമയം ലാഭിക്കാനും സഹായിക്കും.