സ്‌ഫോടനത്തെക്കുറിച്ച്‌ ഇന്ത്യയില്‍ നിന്ന്‌ ലഭിച്ച മുന്നറിയിപ്പ്‌ എന്തുകൊണ്ട്‌ അവഗണിച്ചു എന്ന ചോദ്യത്തിന്‌ സാഹചര്യങ്ങളും സുരക്ഷാഉദ്യോഗസ്ഥരുടെ ശ്രദ്ധയും വേറെ വഴികളിലായിരുന്നു എന്നാണ്‌ സേനനായകെ പ്രതികരിച്ചത്‌.

കൊളംബോ: ശ്രീലങ്കയില്‍ ഈസ്‌റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ കേരളവും കശ്‌മീരും സന്ദര്‍ശിച്ചിരുന്നതായി സ്ഥിരീകരിച്ച്‌ ശീലങ്കന്‍ സൈനികമേധാവി ലഫ്‌റ്റനന്റ്‌ ജനറല്‍ മഹേഷ്‌ സേനനായകെ. ഏതെങ്കിലും തരത്തിലുള്ള പരിശീലനം നേടാനാണ്‌ ഇവര്‍ ഇന്ത്യയിലെത്തിയതെന്ന്‌ കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ്‌ ചാവേറുകള്‍ ഇന്ത്യയിലെത്തിയിരുന്നു എന്ന്‌ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്‌താവന പുറത്തുവരുന്നത്‌.

ഏപ്രില്‍ 21ന്‌ കൊളംബോയില്‍ സ്‌ഫോടനം നടത്തിയ ഒരു സ്‌ത്രീയുള്‍പ്പടെയുള്ള ഒമ്പത്‌ ചാവേറുകളും ഇന്ത്യയിലേക്കെത്തിയത്‌ പരിശീലനം നേടാനോ ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധപ്പെടാനോ ആണെന്നാണ്‌ സൈനികമേധാവി അറിയിച്ചത്‌. "അവര്‍ ഇന്ത്യയിലേക്ക്‌ പോയിരുന്നു. കശ്‌മീരിലും ബംഗളൂരുവിലും പോയി.കേരളത്തിലേക്കും അവര്‍ പോയിരുന്നു. അത്രയും വിവരങ്ങള്‍ ഞങ്ങള്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌." ബിബിസിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ സേനനായകെ പറഞ്ഞു.

സ്‌ഫോടനത്തെക്കുറിച്ച്‌ ഇന്ത്യയില്‍ നിന്ന്‌ ലഭിച്ച മുന്നറിയിപ്പ്‌ എന്തുകൊണ്ട്‌ അവഗണിച്ചു എന്ന ചോദ്യത്തിന്‌ സാഹചര്യങ്ങളും സുരക്ഷാഉദ്യോഗസ്ഥരുടെ ശ്രദ്ധയും വേറെ വഴികളിലായിരുന്നു എന്നാണ്‌ സേനനായകെ പ്രതികരിച്ചത്‌. സുരക്ഷാസേന മാത്രമല്ല ഭരണ-രാഷ്ട്രീയനേതൃത്വം ഉള്‍പ്പടെ എല്ലാവര്‍ക്കും രാജ്യത്ത്‌ സംഭവിച്ച സുരക്ഷാവീഴ്‌ച്ചയില്‍ ഉത്തരവാദിത്തമുണ്ടെന്നും സൈനിക മേധാവി പറഞ്ഞു.