Asianet News MalayalamAsianet News Malayalam

Blasphemy : മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ശ്രീലങ്കന്‍ സ്വദേശിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു

കഴിഞ്ഞ ഏഴുവര്‍ഷമായി ഫാക്ടറിയെ ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഖുറാനിലെ വാക്കുകള്‍ അടങ്ങിയ ഒരു പോസ്റ്റര്‍ കീറിക്കളഞ്ഞതാണ് ആളുകള്‍ ഇയാള്‍ക്കെതിരെ തിരിയാന്‍ കാരണമായത്. നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുന്നതിന്‍റേയും പീഡിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഇയാളുടെ ശരീരത്തിന് തീയിടുകയായിരുന്നു

Sri Lankan man  tortured and killed in Pakistan over alleged blasphemy
Author
Sialkot, First Published Dec 4, 2021, 3:22 PM IST
  • Facebook
  • Twitter
  • Whatsapp

മതനിന്ദ (Blasphemy) ആരോപിച്ച് പാകിസ്ഥാനില്‍ ശ്രീലങ്കന്‍ സ്വദേശിയെ (Sri Lankan man) ആള്‍ക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു (tortured and killed). പഞ്ചാബിലെ സിയാല്‍കോട്ടില്‍ ഒരു ഫാക്ടറിയിലെ ജനറല്‍ മാനേജരായിരുന്ന പ്രിയന്ത ദിയവാദന (Priyantha Diyawadana) എന്നയാളെയാണ് വെള്ളിയാഴ്ച ആള്‍ക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. നിലത്തേക്ക് വലിച്ചെറിച്ച ശേഷം നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുന്നതിന്‍റേയും പീഡിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഇയാളുടെ ശരീരത്തിന് തീയിടുകയായിരുന്നു. മൃതദേഹത്തോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആളുകളേയും വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

കഴിഞ്ഞ ഏഴുവര്‍ഷമായി ഫാക്ടറിയെ ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഖുറാനിലെ വാക്കുകള്‍ അടങ്ങിയ ഒരു പോസ്റ്റര്‍ കീറിക്കളഞ്ഞതാണ് ആളുകള്‍ ഇയാള്‍ക്കെതിരെ തിരിയാന്‍ കാരണമായത്. വെള്ളിയാഴ്ച രാവിലെയോടെ തന്നെ ആളുകള്‍ ഫാക്ടറിയുടെ ഗേറ്റിലേക്ക് സംഘടിച്ചെത്തുകയായിരുന്നു. ഉച്ചയോടെ ഫാക്ടറിയിലേക്ക് തള്ളിക്കയറിയ ആളുകള്‍ ഇയാളെ പിടികൂടുകയായിരുന്നു.  ഫാക്ടറി പുനരുദ്ധാരണത്തിന്‍റെ ഭാഗമായാണ് മതിലിലെ ചില ഭാഗങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി ചി ല പോസ്റ്ററുകള്‍ നീക്കിയിരുന്നു. ഇത് പ്രവാചകനേ സംബന്ധിച്ച ഭാഗമായി തെറ്റിധരിച്ചതാണ് ആള്‍ക്കൂട്ടത്തെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ മുഹമ്മദ് മുര്‍ത്താസ പറയുന്നത്.

ഇയാളുമായുള്ള വ്യക്തി വൈരാഗ്യത്തെ മതനിന്ദയുടെ പേരില്‍ അക്രമിച്ചതാണോയെന്നും വ്യക്തമല്ലെന്നാണ് പൊലീസ് പ്രതികരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നുള്ള വീഡിയോ ഫൂട്ടേജുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. എന്നാല് സംഭവത്തേക്കുറിച്ച് രൂക്ഷമായ വിമര്‍ശനമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നടത്തിയിരിക്കുന്നത്. പാകിസ്ഥാനെ നാണക്കേടിലാക്കിയ ദിനമെന്നാണ് ആള്‍ക്കൂട്ട അക്രമത്തെ ഇമ്രാന്‍ ഖാന്‍ വിലയിരുത്തിയത്. സംഭവത്തിലെ കുറ്റവാളികളെ കണ്ടെത്തുന്നതില്‍ ഒരു തെറ്റും സംഭവിക്കില്ലെന്നും ശിക്ഷ ഉറപ്പാക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇസ്ലാമബാദില്‍ നിന്ന് 200 കിലോമീറ്റര് അകലെയാണ് ആള്‍ക്കൂട്ടത്തിന്‍റെ അക്രമം നടന്ന സിയാല്‍കോട്ട്.

മതനിന്ദ (Blasphemy) സംബന്ധിച്ച് വ്യാജ ആരോപണം പോലും വലിയ കോലാഹലമാണ് പാകിസ്ഥാനില്‍ സൃഷ്ടിക്കാറുള്ളത്. എന്നാല്‍ നിയമങ്ങൾ മറ്റു മതക്കാർക്കെതിരെയും ശിയ, അഹമ്മദിയ തുടങ്ങിയ ന്യൂനപക്ഷ മുസ്ലിങ്ങൾക്കെതിരെയും ദുരുപയോഗം ചെയ്യുകയാണെന്ന് വലതുപക്ഷ ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നത്. മതനിന്ദ സംബന്ധിച്ച നിയമത്തില്‍ മാറ്റങ്ങള്‍ വേണമെന്നതിന് ആവശ്യപ്പെട്ടതിനാണ് 2011ല്‍ മുന് പഞ്ചാബ് ഗവര്‍ണറായ സല്‍മാന്‍ തസീര്‍ കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥനാണ് സല്‍മാന്‍ തസീറിനെ വെടിവച്ച് വീഴ്ത്തിയത്. 1980ലെ സൈനിക ഭരണാധികാരി സിയാഉൾ ഹഖിന്റെ കാലത്താണ് പാക് മതനിന്ദ നിയമങ്ങൾ കർശനമാക്കിയത്.  നിയമ പ്രകാരം പ്രവാചകനിന്ദയ്ക്ക്  പരമാവധി ശിക്ഷയായി  വധശിക്ഷ ഏർപ്പെടുത്തിയതും ഈ കാലത്തായിരുന്നു. ഏകീകൃത വിവരങ്ങൾ ലഭ്യമായ ഏറ്റവും പുതിയ കാലയളവായ 2011 നും 2015 നും ഇടയിൽ 1,296 ൽ കൂടുതൽ മതനിന്ദ കേസുകൾ പാകിസ്ഥാനിൽ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. 

Follow Us:
Download App:
  • android
  • ios