ബ്രിസ്റ്റോള്‍: കൊറോണ കാലത്തെ യാത്രാനിയന്ത്രണങ്ങളില്‍പ്പെട്ട് കേരളത്തില്‍ കുടുങ്ങിയ ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് കേരളത്തേക്കുറിച്ച് പറയാന്‍ നൂറുനാവ്. ബ്രിസ്റ്റോള്‍ സ്വദേശികളായ നൈറിന്‍ ലോസണ്‍, എലിസബത്ത് ലോസണ്‍ ദമ്പതികളാണ് അവധിക്കാല ആഘോഷങ്ങള്‍ക്കിടെ കേരളത്തില്‍ കുടുങ്ങിയത്. പരിശോധനയില്‍ കൊവിഡ് 19 പോസിറ്റീവ് കൂടിയായതോടെ എഴുപതുകാരായ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 6ന് ആയിരുന്നു ഇവര്‍ കേരളത്തിലെത്തിയത്. സര്‍ക്കാര്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചതോടെ ഇവര്‍ സംസ്ഥാനത്ത് കുടുങ്ങുകയായിരുന്നു.

76കാരനായ ലോസണും 75 കാരിയായ എലിസബത്തും പരിശോധനയില്‍ കൊവിഡ് 19 പോസിറ്റീവ് കൂടിയായതോടെ ഇവരെ കേരളത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 16ന്  യുകെ സര്‍ക്കാരിന്‍റെ പ്രത്യേക വിമാനത്തിലാണ് ഇവര്‍ ജന്മനാട്ടില്‍ തിരികെയെത്തിയത്. സ്വന്തം നാട് പോലെ മറ്റൊന്നുമില്ലെന്ന് ദമ്പതികള്‍ ബിബിസിയോട് പറഞ്ഞു. താമസിച്ചിരുന്ന ഹോട്ടലില്‍ രണ്ട് മുറികളിലായി ആറ് ദിവസം പിന്നിട്ട് ശേഷമാണ് ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 

കേരളത്തിലെ ആശുപത്രിയില്‍ മികച്ച സംവിധാനമാണ് ലഭിച്ചതെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ അവിശ്വസനീയമാണെന്നുമാണ് ഇവരുടെ പ്രതികരണം. ജന്മനാട്ടില്‍ വിമാനക്കമ്പനി ജീവനക്കാര്‍ വന്‍ കയ്യടികളോടെയാണ് ഇവരെ സ്വീകരിച്ചത്. ചെറിയ കാര്യങ്ങള്‍ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് തിരിച്ചറിയാന്‍ കൊറോണക്കാലത്തെ യാത്ര സഹായിച്ചുവെന്നാണ് ദമ്പതികളുടെ പ്രതികരണം. മാതാപിതാക്കളുടെ ജന്മനാട്ടിലേക്ക് തിരികെയത്തിയതില്‍ കുടുംബവും ഏറെ ആഹ്ളാദത്തിലാണ്.