നരഹത്യയ്ക്ക പുറമേ, ശാരീരിക അപകടമുണ്ടാക്കുകയും അപകടകരമായ രീതിയിലുള്ള ഗതാഗത സംവിധാനമൊരുക്കുകയും ചെയ്തത് അടക്കമുള്ള കുറ്റങ്ങളാണ് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുടെ മേല്‍ ചുമത്തിയിട്ടുള്ളത്.

ഏഥന്‍സ്: ഗ്രീസ് നേരിട്ട എക്കാലത്തേയും വലിയ ട്രെയിന്‍ അപകടത്തിന് പിന്നാലെ സ്റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. സ്റ്റേഷന്‍ മാസ്റ്ററുടെ അശ്രദ്ധ മൂലമുണ്ടായ നരഹത്യയെന്നാണ് കേസ്. 57 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിന്‍ അപകടത്തിന് പിന്നാലെയാണ് ഇത്. കൌമാരക്കാരും യുവതീ യുവാക്കളുമാണ് കഴിഞ്ഞ ദിവസമുണ്ടായ ട്രെയിന്‍ അപകടത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേരത്തെ ഗ്രീസ് പ്രധാനമന്ത്രി അപകടത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

നരഹത്യയ്ക്ക പുറമേ, ശാരീരിക അപകടമുണ്ടാക്കുകയും അപകടകരമായ രീതിയിലുള്ള ഗതാഗത സംവിധാനമൊരുക്കുകയും ചെയ്തത് അടക്കമുള്ള കുറ്റങ്ങളാണ് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുടെ മേല്‍ ചുമത്തിയിട്ടുള്ളത്. മധ്യ ഗ്രീസിലെ ലാരിസ നഗരത്തിലായിരുന്നു ചൊവ്വാഴ്ച വന്‍ ദുരന്തമുണ്ടായത്. വടക്കന്‍ മേഖലയിലേക്ക് പോവുന്ന പാസഞ്ചര്‍ ട്രെയിനാണ് തെക്കന്‍ മേഖലയിലേക്കുള്ള ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചത്. ഇരു ട്രെയിനുകള്‍ക്കും ഒരേ ട്രാക്കായിരുന്നു 59കാരനായ സ്റ്റേഷന്‍ മാസ്റ്റര്‍ നല്‍കിയത്. എതിര്‍ ദിശയില്‍ വന്ന ട്രെയിനുകള്‍ക്ക് ഒരേ ട്രാക്ക് നല്‍കിയ പിഴവ് സംബന്ധിച്ച് ഞായറാഴ്ച ഏഴര മണിക്കൂറോളമാണ് ഇയാള്‍ അധികൃതര്‍ക്ക് മൊഴി നല്‍കിയത്. ഇത് കഴിഞ്ഞ ശേഷമാണ് നരഹത്യ അടക്കമുള്ള കുറ്റങ്ങള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് മേല്‍ ചുമത്തിയത്.

അപകടം നടന്ന സമയത്ത് സ്റ്റേഷനില്‍ ഒന്നിലധികം സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ ഉണ്ടായിരുന്നോയെന്ന വിഷയം കോടതി അന്വേഷിക്കണമെന്നും ജയില്‍വാസം ഉറപ്പിച്ചിട്ടും സംഭവിച്ച് കാര്യങ്ങള്‍ കൃത്യമായി തന്നെ അധികൃതരെ സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതായുമാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചത്. എന്നാല്‍ മേഖലയിലെ ഓട്ടോമേറ്റഡ് സിഗ്നലിംഗ് സംവിധാനം പ്രവര്‍ത്തന ക്ഷമം ആയിരുന്നില്ലെന്നാണ് ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാവാം സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പിഴവ് സംഭവിക്കാനുണ്ടായ കാരണമെന്നാണ് നിരീക്ഷണം. ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഗ്രീസിലെ ഗതാഗത മന്ത്രി സുരക്ഷാ പദ്ധതികള്‍ വ്യക്തമാക്കുമെന്നും ഗ്രീസ് പ്രധാനമന്ത്രി നേരത്തെ വിശദമാക്കിയിരുന്നു.

രാജ്യത്തെ ട്രെയിന്‍ ഗതാഗത മേഖലയിലെ കെടുകാര്യസ്ഥതകള്‍ പരിഹരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. വൈകിയടലിനും വലിയ പ്രൊജക്ടുകള്‍ പ്രഖ്യാപിച്ച് അവ പാതി വഴിയില്‍ ഉപേക്ഷിക്കുന്നതുമായ സംഭവങ്ങള്‍ ഗ്രീസിലെ പതിവ് സംഭവങ്ങളാണ്. നലിവില്‍ തകരാറിലായ ഓട്ടോമേറ്റഡ് സിംഗ്നലിംഗ് സംവിധാനം ആറ് വര്ഷം മുന്‍പ് തകരാറിലായതെന്നാണ് വിരമിച്ച യൂണിയന്‍ നേതാവ് വിശദമാക്കുന്നത്. റെയില്‍വേ കമ്പനിയിലെ ഒറു പോര്‍ട്ടറായിരുന്നു ഈ സ്റ്റേഷന്‍ മാസ്റ്ററെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശദമാക്കുന്നത്. 2011ല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോലിയിലേക്ക് ഇയാള്‍ക്ക് മാറ്റം ലഭിച്ചിരുന്നു. 2022ന്‍റെ പകുതിയോടെയാണ് ഇയാള്‍ വീണ്ടും റെയില്‍വേയിലേക്ക് മടങ്ങിയെത്തിയതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ലാരിസയില്‍ ജനുവരി 23നാണ് ഇയാള്‍ നിയമിതനായത്.