കടുത്ത മിന്നലോട് കൂടിയാണ് മധ്യ ഗ്രീസില്‍ മഴ ദുരിതം വിതച്ചത്. ബുധനാഴ്ച രാവിലെയോടെ മിക്ക തെരുവുകളും വെള്ളത്തിലായി. വ്യാഴാഴ്ച വരെ കൊടുങ്കാറ്റിന്റെ പ്രഭാവം മേഖലയിലുണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ധര്‍

ആതൻസ്: മധ്യ ഗ്രീസിലെ വോലോസിൽ വീശിയടിച്ച് ഏലിയാസ് കൊടുങ്കാറ്റ്. കനത്ത മഴയെ തുടർന്ന് റോഡുകളിൽ വെള്ളംകയറി. കടുത്ത മിന്നലോട് കൂടിയാണ് മധ്യ ഗ്രീസില്‍ മഴ ദുരിതം വിതച്ചത്. ബുധനാഴ്ച രാവിലെയോടെ മിക്ക തെരുവുകളും വെള്ളത്തിലായി. വ്യാഴാഴ്ച വരെ കൊടുങ്കാറ്റിന്റെ പ്രഭാവം മേഖലയിലുണ്ടാവുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ വിശദമാക്കുന്നത്. അനാവശ്യമായി സഞ്ചരിക്കുന്നതില്‍ നിന്ന് ആളുകളെ വിലക്കിയിരിക്കുകയാണ് അധികൃതര്‍.

സ്റ്റീരിയ, പശ്ചിമ ഗ്രീസ്, അയോണിയന്‍ ദ്വീപുകള്‍ എന്നീ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ബുധനാഴ്ച നിരവധി നഗരങ്ങളിലെ സ്കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു. ഇടവിട്ട സമയങ്ങളില്‍ മഴയോടൊപ്പം മിന്നല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നുണ്ട്. വ്യാഴാഴ്ച ഉച്ചവരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിന് ശേഷം മഴയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. വെള്ളക്കെട്ട് മൂലം വിവിധയിടങ്ങളിൽ ഗതാഗതം അധികൃതർ നിരോധിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് മാസത്തില്‍ വടക്കന്‍ ഗ്രീസില്‍ ഉഷ്ണ തരംഗത്തിന് പിന്നാലെ കാട്ടുതീ ഭീഷണിയിലായിരുന്നു. തെക്കൻ യൂറോപ്പ് കനത്ത ഉഷ്ണതരംഗത്തെ നേരിടുന്നതിനിടയിലാണ് ഗ്രീസില്‍ കാട്ടുതീയുണ്ടായത്. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലുളള ഏറ്റവും ചൂട് കൂടിയ ജൂലൈ മാസമാണ് ഗ്രീസില്‍ ഇക്കൊല്ലമുണ്ടായത്.

വെള്ളപ്പൊക്കമുണ്ടായ മേഖലകളില്‍ സൈന്യമടക്കമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കനത്ത മഴയില്‍ മണ്ണിടിഞ്ഞ് ആതന്‍സിനും പത്രാസിനും ഇടയിലുള്ള ദേശീയ പാത അടച്ചിടേണ്ടിയും വന്നിരുന്നു. നേരത്തെ സെപ്തംബര്‍ തുടക്കത്തില്‍ ഡാനിയേല്‍ എന്ന കൊട്ക്കാറ്റ് പശ്ചിമ മെഡിറ്ററേനിയനില്‍ കനത്ത നാശം വിതച്ചിരുന്നു. ഗ്രീസിലെ കാര്‍ഷിക മേഖലയെ തകര്‍ത്തുകൊണ്ടാണ് ഡാനിയേല്‍ കൊടുങ്കാറ്റ് കടന്നുപോയത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ഇത്തരം കൊടുങ്കാറ്റുകള്‍ക്ക് പിന്നിലെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം