യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ഇന്ത്യ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കും.

കീവ്: യുക്രൈനില്‍ (Ukraine) റഷ്യ (Russia) ആക്രമണം തുടരുന്നതോടെ ആശങ്കയില്‍ കഴിയുകയാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും. ഹോസറ്റലുകള്‍ക്ക് അടുത്ത് വരെ റഷ്യന്‍ സൈന്യമെത്തിയെന്ന് കീവില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിനി അരുന്ധതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്തുള്ള ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചെന്നും തങ്ങള്‍ ഇപ്പോള്‍ ബങ്കറിലാണ് കഴിയുന്നതെന്നും വിദ്യാര്‍ത്ഥി പറയുന്നു. സൈന്യമെത്തിയതോടെ കുട്ടികള്‍ പരിഭ്രാന്തരായി ഓടുന്നത് കണ്ടു. തങ്ങളുടെ ഹോസ്റ്റലിന്‍റെ പരിസരത്ത് സൈന്യമെത്തി. കീവിലെ സാഹചര്യങ്ങള്‍ മോശമായിരിക്കുകയാണ്. 200 ഓളം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിലുണ്ട്. എബസ്സിയില്‍ നിന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. എന്നാല്‍ സാധാരണക്കാരെയും വിദ്യാര്‍ത്ഥികളെയും സൈന്യം ഉപദ്രിവിക്കുന്നില്ലെന്നാണ് വിവരം.

നിലവില്‍ സുരക്ഷിതയാണെങ്കിലും ആശങ്കയിലാണ് കഴിയുന്നതെന്ന് യുക്രൈനില്‍ അവസാനവർഷ മെഡിക്കൽ കോഴ്സിന് പഠിക്കുന്ന ഇടുക്കി ചേലച്ചുവട് സ്വദേശി ദിവ്യ മോഹൻ. യുക്രൈനിൽ സ്‌ഥിതി വഷളായപ്പോൾ തിരികെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. പരീക്ഷാ സമയം അടുത്തതിനാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രമേ മടങ്ങാൻ കഴിയു എന്ന് സർവ്വകലാശാല നിലപാട് എടുത്തതിനാൽ അവിടെ കുടുങ്ങി. നിലവിൽ സുരക്ഷിതയാണെങ്കിലും ആശങ്കയിലാണ് ദിവ്യയും മാതാപിതാക്കളും. മൊബൈൽ ഫോണ്‍ ചാർജ് ചെയ്യാൻ കഴിയാത്തത് കൊണ്ടും ഇന്‍റര്‍നെറ്റ് കട്ടാകുന്നതിനാലും ഉക്രൈനിൽ കുടുങ്ങിയ മകന്‍റെ വിവരങ്ങൾ അറിയാനാവാതെ ബുദ്ധിമുട്ടുകയാണെന്ന് പാലക്കാട് പുതുക്കോട് സ്വദേശിയായ ജയ ടീച്ചർ പറഞ്ഞു. കാർകീവിലെ കോളേജ് അധികൃതർ അയക്കുന്ന മെസേജിലൂടെ മാത്രമാണ് കാര്യങ്ങൾ അറിയുന്നത്. ബങ്കറിലാണിപ്പോൾ മകൻ. സർക്കാർ ഇടപെട്ട് വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാണ് ഇവർ അഭ്യർഥിക്കുന്നത്.

അതേസമയം യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ഇന്ത്യ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കും. ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങൾ അയയ്ക്കാനാണ് സാധ്യത. ഇന്ന് മാത്രം ആയിരം വിദ്യാർത്ഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ചില അതിർത്തി പോസ്റ്റുകളിൽ എത്തി. പോളണ്ട്, സ്ലൊവേകിയ, ഹംഗറി, റൊമാനിയ അതിർത്തി കടക്കുന്നവരെ അവിടെ നിന്ന് മടക്കിക്കൊണ്ടുവരും. അതിർത്തിയിൽ ഇതിനുള്ള സൗകര്യം ഒരുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. നാലു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ സംസാരിച്ചു. എയർ ഇന്ത്യയുടെ വിമാനങ്ങൾ തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. നാളെ റൊമാനിയയിലെ ബുക്കാറസ്റ്റിലേക്കും ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും വിമാനം അയക്കാനാണ് സാധ്യത. 

അതേസമയം യുദ്ധസാഹചര്യത്തിൽ യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. യുക്രൈനിൽ പഠിക്കാൻ പോയ തമിഴ് നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്രാ ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുക്രൈ‌നിൽ കുടുങ്ങി കിടക്കുന്നവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശിച്ചു. അയ്യായിരത്തോളം തമിഴ് വിദ്യാർത്ഥികളാണ് യുക്രൈനിലുള്ളത്. ഇവരെ തിരിച്ചെത്തിക്കാൻ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് സ്റ്റാലിൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. മോചനകാര്യങ്ങൾ തമിഴ്നാട് സർക്കാരുമായി കൂടിയാലോചിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. മെഡിസിനും എൻജിനീയറിംഗും പഠിക്കാനാണ് തമിഴ്നാട് സ്വദേശികളിലേറെയും യുക്രൈനിലേക്ക് പോയത്. ഇവരിൽ ഭൂരിഭാഗം പേരും കീവിൽ ആണുള്ളതെന്നാണ് വിവരം.