തായ്‍ലൻഡിൽ വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ എട്ട് മരണം. ആദ്യം മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തിയ വിദ്യാർത്ഥി സ്കൂളിലെത്തി വിദ്യാർത്ഥികളെയും അധ്യാപകരെയും കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച ആണ് സംഭവം.
ബാങ്കോക്ക്: തായ്‍ലൻഡിൽ കൂട്ടക്കുരുതി നടത്തിയ ശേഷം വിദ്യാർത്ഥി വെടിവെച്ച് സ്വയം ജീവനൊടുക്കി. ആദ്യം മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തിയ വിദ്യാർത്ഥി തോക്കുമായി സ്കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സ്കൂളിൽ നടത്തിയ വെടിവെപ്പിൽ വിദ്യാർത്ഥികളും അധ്യാപകരും അടക്കം ആറുപേർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു. ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൻ്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല. വിദ്യാർത്ഥിയുടെ കുടുംബാംഗത്തിൻ്റെ വീട്ടിൽ നിന്നാണ് തോക്ക് കൈക്കലാക്കിയതെന്നാണ് പൊലീസ് കരുതുന്നത്.
വെള്ളിയാഴ്ച വടക്കുപടിഞ്ഞാറൻ ബാങ്കോക്കിലുള്ള നോന്തബുരി പ്രവിശ്യയിലെ ഡെബ്സിറിൻ നോന്തബുരി സ്കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. ഏകദേശം 3100 വിദ്യാർത്ഥികളും 147 അധ്യാപകരുമുള്ള വിദ്യാലയത്തിലാണ് സംഭവം. വീട്ടിൽവെച്ച് മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് വിദ്യാർത്ഥി തോക്കുമായി സ്കൂളിലെത്തിയതും നിറയൊഴിച്ചതും. ആക്രമണത്തിൽ മൂന്നു വിദ്യാർത്ഥികളും മൂന്നു അധ്യാപകരും കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നെഞ്ചിനും പിൻഭാഗത്തും കൈകളിലും വെടിയേറ്റതായി രക്ഷാപ്രവർത്തകർ പറഞ്ഞു. വെടിവെപ്പിനെ തുടർന്ന് വിദ്യാർത്ഥികൾ ക്ലാസ്മുറിയിലെ ഡെസ്കിനടിയിൽ അഭയം തേടുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
ആദ്യം കരുതിയത് പടക്കമെന്ന്…
വെടിവെപ്പിൻ്റെ ശബ്ദം കേട്ടപ്പോൾ ആദ്യം പടക്കമാണെന്നാണ് കരുതിയതെന്ന് 18 വയസ്സുള്ള വിദ്യാർത്ഥി വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു. രക്ഷാപ്രവർത്തകർ സ്കൂളിൽ എത്തിയപ്പോഴും വെടിവെപ്പ് ഉണ്ടായതായാണ് റിപ്പോർട്ട്. സ്കൂളിൻ്റെ മുകളിലെ നിലയിൽനിന്ന് ഒരു അധ്യാപകൻ്റെ മൃതദേഹം കണ്ടെത്തിയെന്നും മറ്റൊരു മുറിയിൽനിന്ന് നെഞ്ചിനും കൈയ്ക്കും പരിക്കേറ്റ നിലയിൽ അധ്യാപികയെയും കണ്ടെത്തിയെന്നും രക്ഷാപ്രവർത്തനത്തിൽ ഭാഗമായ ഒരാൾ പറഞ്ഞു. ആക്രമണത്തിൽ അധ്യാപകരും വിദ്യാർത്ഥികളും കൊല്ലപ്പെട്ടതായി തായ്‍ലൻഡ് വിദ്യാഭ്യാസ മന്ത്രി പ്രസേർട്ട് ജന്തരാരുവാങ്‌തോങ് സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി അനുട്ടിൻ ചാൻവിരാകുൽ അനുശോചനം രേഖപ്പെടുത്തി.


