കറാച്ചി: കുറച്ച് നാൾ മുൻപ് വരെ ഈ നാടും മറ്റിടങ്ങൾ പോലെയായിരുന്നു. എച്ച്ഐവി അവർക്കൊരു ചിന്താവിഷയമേ ആയിരുന്നില്ല. സമാധാനപരമായിരുന്നു എല്ലാവരുടെയും ജീവിതം. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ട് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് റൊത്തേദെരോ എന്ന നാട്ടിൽ നിന്നുള്ള വൈദ്യപരിശോധനാ ഫലങ്ങൾ. ഏപ്രിൽ മാസത്തിന് ശേഷം ഇവിടെ നടത്തിയ രക്തപരിശോധനകളിൽ 681 പേർക്കാണ് എച്ചഐവി എയ്‌ഡ്സ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്ന് 480 കിലോമീറ്റർ ദൂരമുണ്ട് റൊത്തേദെരോ എന്ന ഗ്രാമത്തിലേക്ക്. ഈ ഗ്രാമത്തിൽ ജീവിക്കുന്ന ഒന്നര വയസ് മാത്രം പ്രായമുള്ള കൈക്കുഞ്ഞ് മുതൽ വയോധിക‍ർ വരെയുള്ള 681 പേർക്കാണ് എച്ച്ഐവി എയ്‌ഡ്സ് ബാധ ഈ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ഇനിയും ഉയരുമെന്നാണ് ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രോഗബാധ സ്ഥിരീകരിച്ചവരിൽ സിംഹഭാഗവും കുഞ്ഞുങ്ങളാണ്. 537 കുട്ടികളിലാണ് എച്ച്ഐവി എയ്ഡ്സ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നഗരത്തിലെ ഏക സർക്കാർ‍ ആശുപത്രിയിൽ 21000 പേർ ഇതിനോടകം പരിശോധന നടത്തി. ശേഷിച്ചവർ സ്വകാര്യ ക്ലിനിക്കുകളിലും പരിശോധന നടത്തി.

നഗരത്തിൽ നടത്തിയ പ്രാഥമിക പഠനത്തിൽ തന്നെ ഇവിടെയുള്ള 60 ശതമാനത്തിലേറെ പേരുടെയും ശരീരത്തിൽ ഉപയോഗിച്ച സിറി‌ഞ്ചുകൾ വീണ്ടും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധ ഏറ്റവരിൽ 123 പേരും ഒരേ ഡോക്ടർ പരിചരിച്ചവരാണ്. ഈ ഡോക്ടറുടെ കീഴിൽ ചികിത്സ കഴിഞ്ഞ ശേഷമാണ് ഇവർക്കെല്ലാം രോഗബാധ ഉണ്ടായതെന്നും വ്യക്തമായിട്ടുണ്ട്. ഡോ മുസാഫർ ഗംഗാരോ എന്ന ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരേ സൂചിയും സിറിഞ്ചും ഈ ഡോക്ടർ 50 പേരിൽ ഉപയോഗിച്ചതായാണ് കണ്ടെത്തൽ. പാക്കിസ്ഥാനിൽ 1.63 ലക്ഷം പേരിൽ എച്ച്ഐവി വൈറസ് ബാധയുണ്ട്. ഇവരിൽ 25000 പേ‍ർ മാത്രമാണ് ഔദ്യോഗിക രേഖയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ നഗരത്തിൽ മാത്രം 50000 എച്ച്ഐവി സ്ക്രീനിങ് കിറ്റുകൾ സർക്കാ‍ർ എത്തിച്ചിട്ടുണ്ട്. വിശദമായ പരിശോധന നടത്താനാണ് തീരുമാനം.