സ്റ്റോക്ക്‌ഹോം: കൊവിഡിനെ പ്രതിരോധിക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ കൊവിഡ് ബാധിച്ച് ആയിരങ്ങള്‍ മരിക്കുമെന്ന് സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലൊവെന്‍. പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്നും ലൊവെന്‍ പറഞ്ഞു.

രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെ സ്വീഡനെ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. രോഗം വന്ന് ആയിരങ്ങള്‍ മരിക്കാമെന്നും അതിനെ അഭിമുഖീകരിക്കാന്‍ തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനങ്ങളില്‍ 49 പേരില്‍ കൂടുതല്‍ അനുവദിക്കില്ല, ബാറുകളിലും ഹോട്ടലുകളിലും ടേബിള്‍ സര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കുകയുള്ളൂ, ആളുകള്‍ കൂടുതലായി എത്തുന്ന അബ്ബ മ്യൂസിയം പോലുള്ളവ അടച്ചിടും എന്നീ നിയന്ത്രണങ്ങളും ലൊവെന്‍ പ്രഖ്യാപിച്ചു. 

കൊവിഡിനെ ചെറുക്കാന്‍ യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയപ്പോഴും സ്വീഡനില്‍ ജനജീവിതം സാധാരണ നിലയിലായിരുന്നു. ആകെയുണ്ടായിരുന്ന നിയന്ത്രണം 500 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ പാടില്ല എന്നതായിരുന്നു. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍ക്കും മറ്റ് അവശതകള്‍ ഉള്ളവര്‍ക്കും പുറത്തിറങ്ങുന്നതില്‍ നിയന്ത്രണം ഉണ്ടായിരുന്നു. കൊവിഡ് ബാധിച്ച് സ്വീഡനില്‍ ഇതുവരെ 400ലധികം പേര്‍ മരിച്ചു. 6000ത്തിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക