ജനീവ: കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ പകരാന്‍ ആല്‍പ്സിലും ഇന്ത്യന്‍ പതാക. സ്വിസ് ആല്‍പ്സിലെ മാറ്റര്‍ഹോണ്‍ മലനിരകളാണ് കഴിഞ്ഞ ദിവസം ത്രിവര്‍ണപതാകയുടെ നിറമണിഞ്ഞത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷ പകരാന്‍ വേണ്ടിയുള്ള ലൈറ്റ് ഇലുമിനേഷന്‍ സീരീസിന്‍റെ ഭാഗമായായിരുന്നു ഇത്. 

Image

ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍റെ പിന്തുണ പ്രഖ്യാപിച്ചായിരുന്നു ലൈറ്റ് ഷോ. സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ ലൈറ്റ് ആര്‍ട്ടിസ്റ്റ് ആയ ജെറി ഹോഫ്സ്റ്റെറ്റര്‍ ആയിരുന്നു 14690ലേറ്റുകള്‍ കൊണ്ട് മാറ്റര്‍ഹോണ്‍ മലിനിരകളില്‍ ത്രിവര്‍ണ പതാക തെളിയിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഈ അപൂര്‍വ്വ കാഴ്ചയൊരുങ്ങിയത്. ഇറ്റലിയുടേയും സ്വിറ്റ്സര്‍ലന്‍ഡിന്‍റേയും അതിര്‍ത്തിയിലാണ് മാറ്റര്‍ഹോണ്‍ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. 

 

800 മീറ്ററോളം ഉയരത്തിലാണ് ഇന്ത്യന്‍ പതാക ദൃശ്യമായത്. ഹിമാലയത്തില്‍ നിന്ന് ആല്‍പ്സിലേക്ക് നീളുന്ന സൌഹൃദമെന്ന കുറിപ്പോടെ ഐഎഫ്എസ് ഉദ്യോഗസ്ഥ ഗുര്‍ലീന്‍ കൌറാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. 18000 കൊറോണ വൈറസ് കേസുകളാണ് ഇതിനോടകം സ്വിറ്റ്സര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 430 മരണവും കൊവിഡ്  19 നിമിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.