സര്‍ക്കാര്‍ ജീവനക്കാര്‍ താടി വടിക്കരുതെന്നും നീളമുള്ളതും അയഞ്ഞതുമായ കുപ്പായവും തൊപ്പിയും തലപ്പാവും അടങ്ങുന്ന പ്രാദേശിക വസ്ത്രങ്ങള്‍ ധരിക്കണമെന്നും താലിബാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി.
കാബൂള്‍: താടി (beard) വളര്‍ത്താത്ത ഉദ്യോഗസ്ഥരെ ഓഫിസുകളില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് താലിബാന്‍ (Taliban) ഭരണകൂടം. പൊതു സദാചാര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവേശന കവാടങ്ങളില്‍ പട്രോളിംഗ് നടത്തി ജീവനക്കാര്‍ താടി വളര്‍ത്തിയിട്ടുണ്ടെന്നും ഡ്രസ് കോഡ് പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ താടി വടിക്കരുതെന്നും നീളമുള്ളതും അയഞ്ഞതുമായ കുപ്പായവും തൊപ്പിയും തലപ്പാവും അടങ്ങുന്ന പ്രാദേശിക വസ്ത്രങ്ങള്‍ ധരിക്കണമെന്നും താലിബാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. ഡ്രസ് കോഡ് പാലിക്കാതെ ഇനി മുതല്‍ ഓഫീസുകളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും പാലിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളില്‍ സഹായിയായി ഒപ്പം പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതിയും താലിബാന്‍ നിഷേധിച്ചു. ഞായറാഴ്ചയാണ് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാനുമതി വിലക്കിക്കൊണ്ട് താലിബാന്‍ നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്ക് ലഭിച്ചതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലക്കം മറിഞ്ഞതിന് പിന്നാലൊണ് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം വിലക്കിയുള്ള ഈ നിലപാട്.
തനിച്ച് യാത്ര ചെയ്യാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത സ്ത്രീകള്‍ക്ക് ഞായറാഴ്ചയും തിങ്കളാഴ്ചയും ഇത്തരത്തില്‍ യാത്ര ചെയ്യാം. ശനിയാഴ്ച ഇത്തരത്തില്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുമായി എത്തിയ സ്ത്രീകളെ വിമാനത്താവള്ത്തില്‍ നിന്ന് തിരികെ അയച്ചതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. നേരത്തെ വിദേശത്ത് പഠനാവശ്യത്തിനായി പോകുന്ന സ്ത്രീകള്‍ക്കൊപ്പം ബന്ധുവായ പുരുഷന്‍ കാണണമെന്ന് താലിബാന്‍ നിഷ്‌കര്‍ഷിച്ചിരുന്നു.
