Asianet News MalayalamAsianet News Malayalam

കാണ്ഡഹാറും ഹേരത്തും കീഴടക്കി; അഫ്‍ഗാനിസ്ഥാനിലെ 11 പ്രവിശ്യകള്‍ താലിബാന്‍ നിയന്ത്രണത്തില്‍

കാബൂൾ അടക്കം താലിബാൻ ഭീകരരുടെ പിടിയിലാകുമെന്ന ആശങ്ക വർധിച്ചതോടെ അമേരിക്കയും ബ്രിട്ടനും പിന്മാറ്റ നടപടികൾ വേഗത്തിലാക്കി. അഫ്‌ഗാനിൽ ഇനി ശേഷിക്കുന്ന മുഴുവൻ യുഎസ്, ബ്രിട്ടീഷ് പൗരന്മാരെയും ഈ ആഴ്ച തന്നെ സുരക്ഷിതരായി മടക്കിക്കൊണ്ടു പോകും. 

Taliban capture Herat city
Author
Kabul, First Published Aug 13, 2021, 7:10 AM IST

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും ഹേരത്തും താലിബാൻ പിടിച്ചെടുത്തു. ഇതോടെ ആകെയുള്ള 34 പ്രവിശ്യകളിൽ 11 എണ്ണം താലിബാൻ ഭരണത്തിലായി. കാബൂൾ അടക്കം താലിബാൻ ഭീകരരുടെ പിടിയിലാകുമെന്ന ആശങ്ക വർധിച്ചതോടെ അമേരിക്കയും ബ്രിട്ടനും പിന്മാറ്റ നടപടികൾ വേഗത്തിലാക്കി. അഫ്‌ഗാനിൽ ഇനി ശേഷിക്കുന്ന മുഴുവൻ യുഎസ്, ബ്രിട്ടീഷ് പൗരന്മാരെയും ഈ ആഴ്ച തന്നെ സുരക്ഷിതരായി മടക്കിക്കൊണ്ടു പോകും. ഇതിനായി താൽകാലികമായി സൈനികരെ വിന്യസിക്കും. അമേരിക്ക മൂവായിരവും ബ്രിട്ടൻ അറുന്നൂറും സൈനികരെ താൽകാലികമായി വിന്യസിച്ച് സുരക്ഷിത പാതയൊരുക്കി. യു എസ് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും മടക്കിക്കൊണ്ടു പോകാനാണ് പദ്ധതി. 

അതിനിടെ ഖത്തറിൽ നടക്കുന്ന സമാധാന ചർച്ചകളിൽ സുപ്രധാനമായൊരു ഒത്തുതീർപ്പ് നിർദേശം അഫ്ഗാൻ സർക്കാർ മുന്നോട്ടുവെച്ചു. വെടിനിർത്തലിന് തയാറായാൽ താലിബാനുമായി അധികാരം പങ്കിടാമെന്ന നിർദേശമാണ് അഫ്ഗാൻ സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. യുദ്ധം തുടർന്നാൽ അഫ്ഗാനിസ്താൻ വൻ ദുരന്തത്തിലേക്ക് നീങ്ങുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകി. അഫ്ഗാന്റെ വിവിധ പ്രവിശ്യകളിൽ നിന്ന് വീട് വിട്ടോടിയവരുടെ എണ്ണം നാലുലക്ഷം കടന്നതായി യുഎൻ അധികൃതർ അറിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങൾ ഭക്ഷണമോ മരുന്നോ ഇല്ലാതെ തെരുവിലാണ്. ആയിരക്കണക്കിന് അഫ്ഗാൻകാർ പ്രാണരക്ഷാർത്ഥം ഇറാനിലേക്കും പലായനം ചെയ്തിട്ടുണ്ട്.

നൂറു കണക്കിന് അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥരെ താലിബാൻ തടവിലാക്കിയിരിക്കുകയാണ്. പലയിടത്തും താലിബാന് കാര്യമായ ചെറുത്തുനിൽപ്പ് ഉണ്ടാകുന്നില്ല. ഗസ്നി നഗരം ഒരു ഏറ്റുമുട്ടലും ഇല്ലാതെയാണ് താലിബാൻ ഇന്നലെ പിടിച്ചത്. ഗസ്നിയിലെ ഗവർണർ ദാവൂദ് ലാഖ്മാനി ഓഫീസ് താലിബാന് വിട്ടുകൊടുത്ത ശേഷം ഓടിപ്പോവുകയായിരുന്നു. താലിബാന് പ്രവിശ്യ വിട്ടുകൊടുത്തിന്റെ പേരിൽ പിന്നീട് ഇദ്ദേഹത്തെ അഫ്ഗാൻ സൈന്യം അറസ്റ്റു ചെയ്തു. 90 ദിവസത്തിനകം താലിബാൻ കാബൂൾ പിടിക്കുമെന്നാണ് അമേരിക്ക തന്നെ കണക്കുകൂട്ടിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios