മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലെന്ന് താലിബാന്‍ വക്താവ്  സാബിനുള്ള  മുജാഹിദ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാണ്ഡഹാര്‍: പ്രശസ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറും പുലിറ്റ്സർ ജേതാവുമായ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലെന്ന് താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡാനിഷ് സിദ്ദീഖിയുടെ മരണത്തില്‍ താലിബാന്‍ ഖേദിക്കുന്നുവെന്നും വക്താവ് പറഞ്ഞു.

താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്. എന്നാല്‍ ഡാനിഷ് സിദ്ദീഖി എങ്ങനെയാണ് മരിച്ചതെന്ന് അറിയില്ലെന്നാണ് താലിബാന്‍ വക്താവ് സാബിനുള്ള പറയുന്നത്. യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിച്ചാല്‍ അക്കാര്യം ഞങ്ങളെ അറിയിക്കാറുണ്ട്. അവര്‍ക്ക് ആവശ്യമുള്ള സുരക്ഷ നല്‍കാറുമുണ്ടെന്നും വക്താവ് വ്യക്തമാക്കി.

റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത് സിദ്ദിഖി ആയിരുന്നു. 2018ൽ റോഹിഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്കാണ് ഡാനിഷിനെ പുലിറ്റ്സർ തേടിയെത്തിയത്.പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെയും എല്ലാം ഗൗരവം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. ഡാനിഷ് പകർത്തിയ രണ്ടാം കൊവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലാണ് താലിബാൻ. യുദ്ധമേഖലകളിൽ പലായനം തുടരുകയാണ്. ഈ സംഘർഷത്തിന്‍റെ ചിത്രങ്ങൾ റോയിട്ടേഴ്സിനായി പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona