കനത്ത മഞ്ഞു വീഴ്ചയും ഐസ് മഴയും രൂക്ഷമായതോടെ ജനജീവിതം സ്തംഭിച്ചു. ചരിത്രപരമായ കൊടുങ്കാറ്റെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.

വാഷിങ്ടൺ: അതിശൈത്യത്തിൽ അമേരിക്കയിൽ 5 മരണം. ശക്തമായ ശൈത്യകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും അമേരിക്കയിൽ 23 സംസ്ഥാനങ്ങളിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലാവസ്ഥ രൂക്ഷമായതോടെ വൈദ്യുതി വിതരണം താറുമാറായയി 10 ലക്ഷം പേർക്ക് വൈദ്യുതി നഷ്ടമായി. പതിമൂവായിരത്തോളം വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അരിസോണ സംസ്ഥാനം മുതൽ അമേരിക്കയുടെ പകുതിയിലധികം ഭാഗങ്ങൾ രൂക്ഷമായ കാലാവസ്ഥയുടെ പിടിയിലാണ്. കനത്ത മഞ്ഞു വീഴ്ചയും ഐസ് മഴയും രൂക്ഷമായതോടെ ജനജീവിതം സ്തംഭിച്ചു.

പ്രധാന റോഡുകളിലെല്ലാം അപകടകരമായ വിധം മഞ്ഞ് വീഴ്ച തുടരുകയാണ്. എകദേശം 180 ദശലക്ഷം ആളുകളെ മഞ്ഞുവീഴ്ച ബാധിക്കുമെന്നാണ് നാഷണൽ വെതർ സർവീസ് (NWS) അറിയിച്ചത്. ചരിത്രപരമായ കൊടുങ്കാറ്റെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. സൗത്ത് കരോലിന, വിർജീനിയ, ടെന്നസി, ജോർജിയ, നോർത്ത് കരോലിന, മേരിലാൻഡ്, അർക്കൻസാസ്, കെന്റക്കി, ലൂസിയാന, മിസിസിപ്പി, ഇന്ത്യാന, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളിലെ അടിയന്തര ദുരന്ത പ്രഖ്യാപനങ്ങൾ അംഗീകരിക്കുകയും ചെയ്തു. ലൂസിയാന, മിസിസിപ്പി, ടെന്നസി എന്നീ സംസ്ഥാനങ്ങളിൽ വൻതോതിൽ മഞ്ഞുപാളികൾ ഉറഞ്ഞുകൂടുന്നത് മരങ്ങൾ കടപുഴകാനും വൈദ്യുതി ലൈനുകൾ തകരാനും കാരണമാകുന്നുണ്ട്. ഇത് ഒരു ചുഴലിക്കാറ്റിന് സമാനമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം. ഈ സംസ്ഥാനങ്ങളിലാണ് ഏറ്റവും കടുത്ത ഐസിംഗ് ഭീഷണി നേരിടുന്നത്.

സർക്കാർ സംവിധാനങ്ങൾ കാര്യമായ മുൻകരുതലുകൾ സ്വീകരിച്ചതുകൊണ്ട് റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാനായി. പ്രധാന നഗരങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തി വെച്ചിരിക്കുയാണ്. അമേരിക്കയിൽ ശൈത്യവും മഞ്ഞും പുതുമയല്ലെങ്കിലും ഈ വ‍ർഷത്തെ ശൈത്യത്തിന്‍റെ വ്യാപ്തി കൂടുതലാണെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. മഞ്ഞുവീഴ്ചയും തണുപ്പും കുറഞ്ഞാലും ഉറഞ്ഞുകൂടിയ ഐസ് ഉരുകാൻ സമയമെടുക്കുന്നതിനാൽ സാധാരണ നിലയിലേക്ക് മടങ്ങാൻ ദിവസങ്ങൾ എടുത്തേക്കും. ശനിയാഴ്ച തുടങ്ങിയ മഞ്ഞുവീഴ്ച വരുന്ന തിങ്കളാഴ്ച വരെ തുടരും. ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനങ്ങളോട് സർക്കാർ നിർദ്ദേശിച്ചു.

അമേരിക്ക അതിശൈത്യത്തിൻ്റെ പിടിയിൽ ; ഇരുപതിലധികം സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച