Asianet News MalayalamAsianet News Malayalam

താലിബാന്‍ ആദ്യമായി മരണ വാറണ്ട് ഇറക്കിയത് ഇന്ത്യയില്‍ താമസമാക്കിയ അഫ്ഗാന്‍ യുവതിക്ക്

ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം യുവതിയും ഇവരുടെ രണ്ട് പെണ്‍കുട്ടികളും ദില്ലിയിലാണ് ഇപ്പോള്‍ താമസം. നാലു പെണ്‍മക്കളുടെ അമ്മയായ യുവതിയുടെ ആദ്യത്തെ രണ്ടു പെണ്‍മക്കളെ ഭര്‍ത്താവ് താലിബാന്‍ ഭീകരര്‍ക്ക് നല്‍കി. 

Taliban issue 'death warrant' for Afghan woman divorcee residing in India
Author
New Delhi, First Published Aug 25, 2021, 7:00 PM IST

ദില്ലി: കാബൂള്‍ പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാനില്‍ അധികാരം സ്ഥാപിച്ച താലിബാന്‍ ആദ്യമായി മരണ വാറണ്ട് ഇറക്കിയത് ഇന്ത്യയില്‍ താമസമാക്കിയ അഫ്ഗാന്‍ യുവതിക്ക്. നാല് കൊല്ലം മുന്‍പ് ഭര്‍ത്താവ് താലിബാന്‍ പ്രവര്‍ത്തകനാണെന്ന് അറിഞ്ഞ് അയാളെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട സ്ത്രീക്കാണ് താലിബാന്‍ ഇപ്പോള്‍ പരസ്യ വധശിക്ഷയ്ക്കുള്ള വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം യുവതിയും ഇവരുടെ രണ്ട് പെണ്‍കുട്ടികളും ദില്ലിയിലാണ് ഇപ്പോള്‍ താമസം. നാലു പെണ്‍മക്കളുടെ അമ്മയായ യുവതിയുടെ ആദ്യത്തെ രണ്ടു പെണ്‍മക്കളെ ഭര്‍ത്താവ് താലിബാന്‍ ഭീകരര്‍ക്ക് നല്‍കി. ബാക്കിയുള്ള രണ്ട് പെണ്‍കുട്ടികളെ താലിബാന് വില്‍ക്കാന്‍ ഒരുങ്ങിയപ്പോഴാണ് താന്‍ അഫ്ഗാനിസ്ഥാന്‍ വിട്ടത് എന്നാണ് ഈ യുവതി പറയുന്നത്. അഫ്ഗാനിസ്ഥാന്‍ തനിക്കെതിരെ പൊതു ഇടത്തില്‍ വധശിക്ഷ വിധിക്കുമെന്ന് പ്രഖ്യാപിച്ചതിനാല്‍ അഫ്ഗാന്‍ മണ്ണിലേക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

ദില്ലിയില്‍ ഒരു ജിം ട്രെയിനറായാണ് ഈ യുവതി ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇപ്പോള്‍ സ്വന്തമായി ഒരു വീട് ഉണ്ടാക്കി. 13ഉം 14 വയസുള്ള പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവ് താലിബാന്‍റെ ഭാഗമാണ് എന്ന കാര്യം താന്‍ മനസിലാക്കിയത്. നാല് തവണ ഭര്‍ത്താവ് തന്നെ കുത്തിയിട്ടുണ്ട്. ഇത് തന്‍റെ നെറ്റിയിലും വിരലിലും മറ്റും ഇപ്പോള്‍ പാടായി അവശേഷിക്കുന്നുണ്ട്- ഇവര്‍ വാര്‍ത്താ ഏജന്‍സിയോട് പറയുന്നു.

തന്‍റെ താലിബാന്‍റെ കയ്യിലുള്ള രണ്ട് പെണ്‍മക്കളെ സംബന്ധിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന സങ്കടവും ഈ അമ്മയ്ക്കുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും അന്ന് രക്ഷപ്പെട്ടത് സംബന്ധിച്ച് ചോദിച്ചപ്പോള്‍, മുന്‍പ് ഇന്ത്യയില്‍ വന്നതിന്‍റെ അനുഭവം ഉണ്ടായിരുന്നു. അതിനാല്‍ അത് സാധ്യമായി. പലരും സഹായിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങള്‍ കണ്ടാണ് ആവശ്യമായ ഹിന്ദി പഠിച്ചതെന്നും ഇവര്‍ പറയുന്നു. 

അഫ്ഗാനിസ്ഥാന്‍ ഇന്ന് ശരിക്കും നരകമായിരിക്കുന്നു. ഇന്ത്യയില്‍ തുടരുന്നതില്‍ സന്തോഷമുണ്ട്. അതേ സമയം ഇതുവരെ തനിക്ക് അഭയാര്‍ത്ഥി കാര്‍ഡ് ലഭിച്ചിട്ടില്ലെന്നും ഇവര്‍ ഏജന്‍സിയോട് പറയുന്നു. ഇന്ത്യന്‍ സര്‍ക്കാറിന്‍റെ സഹായം അഫ്ഗാനിസ്ഥാന്‍ ജനത ആഗ്രഹിക്കുന്നുണ്ട്. താലിബാനെതിരെ ശബ്ദം ഉയര്‍ത്താന്‍ അവര്‍ക്ക് പേടിയാണ്. അതിനാല്‍ അവര്‍ക്ക് വേണ്ടി അവിടുന്ന് രക്ഷപ്പെട്ട തന്നെപോലെയുള്ളവര്‍ അഭ്യര്‍ത്ഥിക്കുന്നു - ഈ യുവതി പറയുന്നു.

Read More: '15 വയസായി പെണ്‍കുട്ടികളെ അന്വേഷിച്ച് വീടുകള്‍ കയറി താലിബാന്‍ പരിശോധന';

Read More: മുന്‍ അഫ്ഗാന്‍ ഐടി മന്ത്രി, ഇപ്പോള്‍ ജര്‍മ്മനിയില്‍ പിസ ഡെലിവറി ബോയ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios