Asianet News MalayalamAsianet News Malayalam

വിവാഹത്തിന് സ്ത്രീകളുടെ സമ്മതം നിർബന്ധമാക്കി താലിബാൻ ഉത്തരവ്

വിധവകൾക്ക് ഭർത്താവിന്റെ സ്വത്തിൽ അവകാശമുണ്ടായിരിക്കും എന്നുകൂടി പുതിയ ഉത്തരവിൽ പറയുന്നുണ്ട്. 

Taliban passes decree making consent of bride mandatory in marriages
Author
Kabul, First Published Dec 5, 2021, 9:57 AM IST

കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ(Taliban) ഗവണ്മെന്റ് വെള്ളിയാഴ്ച സ്ത്രീ സ്വാതന്ത്ര്യവുമായി(freedom of women) ബന്ധപ്പെട്ട ഒരു സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. സ്ത്രീകളെ 'വില്പനച്ചരക്കായി'(property) കാണരുത് എന്നും, വിവാഹത്തിന് മുമ്പ് സ്ത്രീകളുടെ സമ്മതം നിർബന്ധമായും ചോദിച്ചിരിക്കണം എന്നും ഈ ഉത്തരവിൽ പറയുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഓഗസ്റ്റ് 15 -ന് നിലവിലെ സർക്കാരിനെ ആക്രമിച്ചു തോല്പിച്ച് താലിബാൻ  അധികാരത്തിലേറിയതിനു പിന്നാലെ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നു എന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാനുള്ള പല അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങളും മരവിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ്, താലിബാൻ വക്താവായ സബീഹില്ലാ മുഹാജിദ് ആണ് ഈ പുതിയ ഉത്തരവ് പ്രസിദ്ധപ്പെടുത്തിയത്. അതിൽ സ്ത്രീകളുടെ വിവാഹം, സ്വത്തവകാശം തുടങ്ങിയ പല വിഷയങ്ങളെക്കുറിച്ചും വിശദമായി തന്നെ പരാമർശിക്കുന്നുണ്ട്. സ്ത്രീകളെ വിവാഹത്തിന് നിർബന്ധിച്ചുകൂടാ എന്നതിന് പുറമെ വിധവകൾക്ക് ഭർത്താവിന്റെ സ്വത്തിൽ അവകാശമുണ്ടായിരിക്കും എന്നുകൂടി പുതിയ ഉത്തരവിൽ പറയുന്നുണ്ട്. 

എന്നാൽ, ഈ ഉത്തരവ്, സ്ത്രീകളുടെ വിദ്യാഭ്യാസം, വീടിനു പുറത്തുപോയി തൊഴിലെടുക്കാനുള്ള അവരുടെ അവകാശം എന്നിവ സംബന്ധിച്ച് മൗനം പാലിക്കുന്ന ഒന്നാണ്. ഇക്കാര്യം, അന്താരാഷ്ട്ര ഏജൻസികൾ വളരെ ഗൗരവമായി കണക്കിലെടുക്കുന്ന ഒന്നാണ്. ഇതിന്റെ പേരിലാണ് അഫ്ഗാനിസ്ഥാന് പല ഫണ്ടുകളും നിലവിൽ നിഷേധിക്കപ്പെട്ടിട്ടുള്ളത്. 1996 മുതൽ 2001 വരെയുള്ള മുൻ ഭരണകാലത്ത്, ബന്ധുവായ ഒരു പുരുഷന്റെ അകമ്പടിയോടെ, തലയും മുഖവും അടക്കം ശരീരം മുഴുവനായും മറച്ചുകൊണ്ടല്ലാതെ വീടുവിട്ടിറങ്ങുന്നതിന് താലിബാൻ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഈ നിയമത്തിൽ അയവു വരുത്തിയിട്ടുണ്ട്, ഹൈ സ്‌കൂളുകൾ തുറക്കാൻ ഇപ്പോൾ അനുമതിയുണ്ട് എന്നൊക്കെ താലിബാൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും, കാബൂളിലെ പല മനുഷ്യാവകാശ പ്രവർത്തകരും ഈ ഇളവുകൾ പ്രായോഗിക തലത്തിൽ എത്രമാത്രം പാലിക്കപ്പെടും എന്ന കാര്യത്തിൽ ആശങ്കാകുലരാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ അന്താരാഷ്ട്ര ഫണ്ടുകൾ മരവിപ്പിക്കപ്പെട്ട സാഹചര്യത്തിൽ കടുത്ത ഒരു ലിക്വിഡിറ്റി പ്രതിസന്ധിയിലേക്കാണ് അഫ്ഗാനിസ്ഥാനിലെ ബാങ്കുകളും സാമ്പത്തിക രംഗം തന്നെയും നീങ്ങുന്നത്. ഈ ഉപരോധങ്ങൾ നീക്കിക്കിട്ടുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇങ്ങനെ ഒരുത്തരവുണ്ടായിട്ടുള്ളത് എന്നൊരു നിരീക്ഷണവും നിലവിലുണ്ട്. 

Follow Us:
Download App:
  • android
  • ios