ഗവര്‍ണറുടെ ഓഫിസ്, പൊലീസ് ആസ്ഥാനം, ജയില്‍ എന്നിവ താലിബാന്‍ ഭീകരരുടെ നിയന്ത്രണത്തിലായെന്ന് പ്രവിശ്യാ കൗണ്‍സില്‍ നേതാവ് നാസിര്‍ അഹമ്മദ് ഫഖിരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഗസ്‌നി നഗരം പിടിച്ചെടുത്തെന്ന് സമൂഹമാധ്യമങ്ങള്‍ വഴി താലിബാനും വ്യക്തമാക്കി. 

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ ഗസ്‌നി പിടിച്ചെടുത്തതായി താലിബാന്‍. തലസ്ഥാന നഗരമായ കാബൂളിന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രധാന നഗരമാണ് ഗസ്‌നി. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ് താലിബാന്‍ പിടിച്ചെടുക്കുന്നത്. ഗവര്‍ണറുടെ ഓഫിസ്, പൊലീസ് ആസ്ഥാനം, ജയില്‍ എന്നിവ താലിബാന്‍ ഭീകരരുടെ നിയന്ത്രണത്തിലായെന്ന് പ്രവിശ്യാ കൗണ്‍സില്‍ നേതാവ് നാസിര്‍ അഹമ്മദ് ഫഖിരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഗസ്‌നി നഗരം പിടിച്ചെടുത്തെന്ന് സമൂഹമാധ്യമങ്ങള്‍ വഴി താലിബാനും വ്യക്തമാക്കി. നഗരത്തില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം രാജ്യത്ത് അക്രമസംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് സമവായ സാധ്യതകള്‍ തേടിയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികാരത്തില്‍ താലിബാന് പങ്കാളിത്തം നല്‍കാമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ധാരണ. എന്നാല്‍, ഇക്കാര്യത്തില്‍ താലിബാന്‍ പ്രതികരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം കടുപ്പിച്ചത്. രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

കാബൂളിന് തൊട്ടടുത്തെ ഗസ്‌നിയുടെ നിയന്ത്രണം നഷ്ടമായത് സര്‍ക്കാറിന് തിരിച്ചടിയാകും. മൂന്ന് മാസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുമെന്ന യുഎസ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. രാജ്യത്തെ ജയിലുകള്‍ പിടിച്ചെടുത്ത് ഭീകരരെ മോചിപ്പിക്കുന്നതും താലിബാന്‍ തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona