സ്ത്രീകള്‍ തെരുവുകളില്‍ പ്രക്ഷോഭവുമായി ഇറങ്ങിയത് പതിവായതോടെ അനുമതിയില്ലാത്ത സമരങ്ങള്‍ താലിബാന്‍ നിരോധിച്ചിരുന്നു. 

കാബൂള്‍: വനിതാ പ്രക്ഷോഭകര്‍ക്ക് (Woman protesters) നേരെ കുരുമുളക് സ്പ്രേ (Pepper spray) പ്രയോഗിച്ച് താലിബാന്‍(Taliban). വിദ്യാഭ്യാസത്തിനും ജോലി ചെയ്യാനും തുല്യ അവകാശം വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ സ്ത്രീകള്‍ക്ക് നേരെയാണ് താലിബാന്‍ കുരുമുളക് സ്പ്രേ അടിച്ചത്. കാബൂള്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നിലായിരുന്നു 20ഓളം സ്ത്രീകള്‍ സമരം നടത്തിയത്. 'തുല്യതയും നീതിയും, സ്ത്രീകളുടെ അവകാശം, മനുഷ്യാവകാശം' എന്നീ മുദ്രാവാക്യമുയര്‍ത്തിയ പ്ലക്കാര്‍ഡുകളും പിടിച്ചായിരുന്നു സമരം. 'സമരത്തിനിടയിലേക്ക് വാഹനങ്ങളില്‍ താലിബാന്‍ പ്രവര്‍ത്തകര്‍ എത്തി. തുടര്‍ന്ന് സമരം നടത്തുന്നവര്‍ക്കുനേരെ കുരുമുളക് സ്പ്രേ അടിച്ചു. എന്റെ വലതുകണ്ണ് നീറാന്‍ തുടങ്ങി. അവരിലൊരാളോട് നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എനിക്ക് നേരെ തോക്കു ചൂണ്ടി'-സമരക്കാലിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് വനിതകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും സമരക്കാര്‍ പറഞ്ഞു. സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിക്കവെ യുവാവില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ തെരുവുകളില്‍ പ്രക്ഷോഭവുമായി ഇറങ്ങിയത് പതിവായതോടെ അനുമതിയില്ലാത്ത സമരങ്ങള്‍ താലിബാന്‍ നിരോധിച്ചിരുന്നു. സ്ത്രീകള്‍ പുരുഷ ബന്ധുക്കള്‍ കൂടെയില്ലാതെ ദീര്‍ഘദൂര യാത്ര ചെയ്യുന്നതും താലിബാന്‍ വിലക്കി. സ്ത്രീകളെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ടിവി ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി. 

കഴിഞ്ഞ ദിവസം സംഗീതജ്ഞരുടെ മുന്നിലിട്ട് സംഗീതോപകരണങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അഫ്ഗാനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അബ്ദുല്‍ ഹഖ് ഒമേരിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഗീതജ്ഞര്‍ നോക്കി നില്‍ക്കെ താലിബാന്‍ സംഗീത ഉപകരണങ്ങള്‍ കത്തിച്ചെന്നും പക്ത്യ പ്രവിശ്യയിലെ സസായി അറൂബിലാണ് സംഭവമെന്നും ഒമേരി ട്വീറ്റ് ചെയ്തു. നേരത്തെ വാഹനങ്ങളില്‍ സംഗീതം നിരോധിച്ച് താലിബാന്‍ ഉത്തരവിറക്കിയിരുന്നു. വിവാഹ ചടങ്ങിലും സംഗീതം പാടില്ലെന്നും പുരുഷന്മാരും സ്ത്രീകളും വെവ്വേറെ ഹാളുകളില്‍ ആഘോഷിക്കണമെന്നും താലിബാന്‍ ഉത്തരവിട്ടിരുന്നു.