അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഇന്ത്യൻ എംബസി വീണ്ടും തുറന്നതിനെ താലിബാൻ സ്വാഗതം ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് താലിബാൻ പ്രതിരോധമന്ത്രി മുല്ല യാക്കൂബ് വ്യക്തമാക്കിയപ്പോൾ, ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളുടെ ഫലമാണ്.

കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വീണ്ടും ഇന്ത്യൻ എംബസി തുറന്നതിനെ സ്വാഗതം ചെയ്ത് താലിബാൻ. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് താലിബാൻ പ്രതിരോധമന്ത്രി മുല്ല യാക്കൂബ് അഫ്ഗാൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ പാകിസ്ഥാൻ സംഘർഷത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ പ്രചാരണം യാക്കൂബ് തള്ളി. താലിബാൻ സ്ഥാപകൻ മുല്ല ഉമറിൻറെ മകനാണ് യാക്കൂബ്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ ടെക്നിക്കൽ മിഷനെയാണ് ഇന്ത്യ എംബസിയായി ഉയർത്തിയത്. താലിബാൻ ഭരണകൂടവുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് നീക്കം. 

അടുത്തിടെ ഇന്ത്യ സന്ദർശിച്ച താലിബാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ നടത്തിയ ചർച്ചയിൽ ഇക്കാര്യം തീരുമാനിച്ചിരുന്നു. താലിബാൻ മന്ത്രിക്ക് ഇന്ത്യ അന്ന് നൽകിയ ഉറപ്പാണ് ഇന്ന് പാലിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചപ്പോൾ അടച്ച എംബസിയാണ് ഇന്ന് തുറന്നത്. അഫ്ഗാനിസ്ഥാന്‍റെ സമഗ്രവികസനത്തിന് ഇന്ത്യൻ എംബസി വലിയ സംഭാവന ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

നിർണായകമായത് താലിബാൻ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം 

2021 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത്. ഇതിന് ശേഷം ആദ്യമായാണ് കാബൂളിൽ നിന്ന് ആദ്യത്തെ ഉന്നതതല പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുന്നത്. ഒക്ടോബർ 9 മുതൽ 16 വരെയായിരുന്നു മുത്തഖിയുടെ ഇന്ത്യാ സന്ദർശനം. ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനും അഫ്ഗാനിസ്ഥാനിൽ ഖനന പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് കൂടുതൽ അവസരം നൽകാനും ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. നേരത്തെ അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യൻ എംബസി സ്ഥിതി ചെയ്തിരുന്നു. എന്നാൽ താലിബാന്‍ അധികാരത്തിലേറിയതോടെ ഇന്ത്യ എംബസി പൂട്ടുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനുശേഷം 2022-ലാണ് ഇന്ത്യ ടെക്‌നിക്കൽ മിഷൻ സ്ഥാപിച്ചത്.