ടാന്‍സാനിയയിലെ ഖനിത്തൊഴിലാളിയായ സനിനിയു ലെയ്‌സര്‍ കണ്ണടച്ച് തുറക്കുന്നതിനിടയിലാണ് കോടീശ്വരനായത്. കയ്യില്‍ തടഞ്ഞ രണ്ട് വയലറ്റ് രത്‌നങ്ങളാണ് അദ്ദേഹത്തെ സ്വപ്‌നതുല്യമായ നേട്ടത്തിലെത്തിച്ചിരിക്കുന്നത്. 

കൈപ്പത്തിയോളം വലിപ്പമുണ്ട് ഈ രത്‌നങ്ങള്‍ക്ക്. 7.74 ബില്യണ്‍ ടാന്‍സാനിയന്‍ ഷില്ലിംഗ്‌സ് ( 25 കോടി ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ ) ആണ് ടാന്‍സാനിയര്‍ സര്‍ക്കാര്‍ ഈ ഖനിത്തൊഴിലാളിക്ക് കൈമാറിയത്. ടാന്‍സാനിയയില്‍ നിന്ന് ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ രത്‌നങ്ങളാണ് ഇവ രണ്ടും. 

ഒരു രത്‌നത്തിന്റെ ഭാരം 9.27 കിലോഗ്രാം ആണ്. മറ്റൊന്നിന്റേത് 5.103 കിലോഗ്രാമും. ഖനി മന്ത്രാലയ വക്താവാണ് രത്‌നത്തിന്റെ ഭാരം അറിയിച്ചത്.  ടാന്‍സാനിയന്‍ ടെലിവിഷനുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ അത്ഭുത നേട്ടം സ്വന്തമാക്കിയ ലെയ്‌സര്‍. ടാന്‍സാനിയ സമ്പന്നമാണെന്നതിന്റെ തെളിവാണ് ഈ രത്‌നങ്ങളെന്നാണ് പ്രസിഡന്റ് ജോണ്‍ മഗുഫുലി പ്രതികരിച്ചത്. 

വളരെ അധികം രത്‌നക്കള്ളക്കടത്ത് നടക്കുന്ന പ്രദേശമാണ് ടാന്‍സാനിയയുടെ വടക്കുഭാഗം. ടാന്‍സാനിയയില്‍ ഖനനം ചെയ്‌തെടുക്കുന്ന രത്‌നങ്ങളില്‍ 40 ശതമാനവും നഷ്ടപ്പെടുന്നുണ്ടെന്ന് പ്രഡിന്റ് തന്നെ വ്യക്തമാക്കിരുന്നു. തുടര്‍ന്ന് 2018 ല്‍ ഈ ഭാഗത്ത് കള്ളക്കടത്ത് തടയാനായി വലിയ മതില്‍ നിര്‍മ്മിച്ചിരുന്നു.