ഭാരതത്തിലെ മിലാൻ അഭ്യാസത്തിന് ശേഷം മടങ്ങിയ ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന, ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. മുന്നറിയിപ്പില്ലാത്ത ആക്രമണത്തിൽ 104 നാവികരിൽ 32 പേർ രക്ഷപ്പെട്ടെന്നും, നാവികരെ ഒന്നടങ്കം കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും രക്ഷപ്പെട്ടയാൾ ആരോപിച്ചു.

കൊളംബോ: ഭാരതത്തിന്റെ മിലാൻ നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇറാന്റെ ഐആർഐഎസ് ദേന എന്ന യുദ്ധക്കപ്പലിന് നേരെ മാർച്ച് 4-ന് നടന്ന ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഗാലിക്ക് സമീപം ശ്രീലങ്കൻ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അമേരിക്കൻ അന്തർവാഹിനിയിൽ നിന്ന് തൊടുത്ത ടോർപ്പിഡോ കപ്പലിനെ തകർത്തത്.

കപ്പലിൽ ഉണ്ടായിരുന്ന നാവികൻ ഹമീദ് മൊമേനയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. മുന്നറിയിപ്പില്ലാത്ത ആക്രമണമായിരുന്നു. പുലർച്ചെ 3 മണിയോടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. അതൊരു യുദ്ധമേഖലയായിരുന്നില്ല, ഞങ്ങൾക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായാണ് അവർ പെരുമാറിയതെന്ന് ഹമീദ് തസ്നിം ന്യൂസിനോട് പറഞ്ഞു. കപ്പലിന് കേടുപാടുകൾ വരുത്തുക മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ മറ്റ് ഭാഗങ്ങളിൽ ആക്രമിക്കാമായിരുന്നു. എന്നാൽ നാവികരെ ഒന്നടങ്കം കൊന്നൊടുക്കുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

കപ്പലിൽ 104 നാവികരുണ്ടായിരുന്നു. ആദ്യ ടോർപ്പിഡോ ഏറ്റപ്പോഴും ആരും കപ്പൽ വിട്ടുപോയില്ല. രാത്രി 11 മണി വരെ കപ്പലിൽ തന്നെ ഉറച്ചുനിന്ന ശേഷം കപ്പൽ പൂർണ്ണമായും മുങ്ങിയപ്പോഴാണ് കടലിലേക്ക് ചാടിയത്. മാർച്ച് 4-ന് അമേരിക്കൻ അന്തർവാഹിനിയിൽ നിന്ന് തൊടുത്ത എംകെ-48 ടോർപ്പിഡോയാണ് ഇറാനിയൻ കപ്പലിനെ തകർത്തത്. അന്താരാഷ്ട്ര കപ്പൽ ചാലിലൂടെ സഞ്ചരിക്കവെയായിരുന്നു ഈ മിന്നലാക്രമണം. 104 പേർ കൊല്ലപ്പെട്ട ദുരന്തത്തിൽ 87 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. ഹമീദ് ഉൾപ്പെടെ 32 നാവികരെയാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. രക്ഷപ്പെട്ടവർ ശ്രീലങ്കൻ തീരത്തേക്ക് നീന്തിയാണ് എത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Scroll to load tweet…