ഇസ്രായേല്‍ വിമാനത്താവളത്തിന് നേരെയാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 

ദില്ലി: ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടതായി അറിയിപ്പ്. എയർ ഇന്ത്യ വിമാനം എഐ139 ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ആക്രമണം നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ Flightradar24.com-ൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, അബുദാബിയിലേക്ക് വിമാനം വഴിതിരിച്ചുവിടാൻ തീരുമാനിച്ച സമയം വിമാനം ജോർദാനിയൻ വ്യോമാതിർത്തിയിലായിരുന്നു. അതേസമയം, ടെൽ അവീവിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യയുടെ ഞായറാഴ്ചത്തെ വിമാനം റദ്ദാക്കി. യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ ടെൽ അവീവ് വിമാനത്താവളത്തിന് സമീപം പതിച്ചതിനെത്തുടർന്ന് ടെൽ അവീവ് വിമാനത്താവളത്തിലേക്കുള്ള വ്യോമഗതാഗതം താൽക്കാലികമായി നിർത്തിയിരുന്നു.

സർവീസ് പുനരാരംഭിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ. യെമനിൽ നിന്നാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇസ്രായേലിൽ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നാണ് ബെൻ ഗുരിയോൺ. മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. പാസഞ്ചർ ടെർമിനലിൽ നിന്ന് പുക ഉയരുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ബെൻ ഗുരിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ പ്രസ്താവനയിൽ പറഞ്ഞു.

ആറാം തിയതി വരെ ദില്ലി ടെൽ അവീവ് സർവ്വീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് സൗജന്യമായി മറ്റൊരു ദിവസം ബുക്ക് ചെയ്യാനോ റീഫണ്ട് നല്കാനോ സൗകര്യം ഒരുക്കും.

ഇസ്രയേലിൽ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണവുമായി ഹൂതികൾ; 8 പേ‍ര്‍ക്ക് പരിക്ക്