കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ രണ്ടുപേര്‍ കൂടിമരിച്ചതോടെ ഈ സീസണില്‍ മരിച്ചവരുടെ എണ്ണം പത്തായി. ബ്രിട്ടീഷ് പര്‍വതാരോഹകന്‍ റോബിന്‍ ഫിഷറും, ഐറിഷ് സ്വദേശിയുമാണ് ഏറ്റവും ഒടുവില്‍ മരിച്ച രണ്ടുപേര്‍. അമേരിക്ക, അയര്‍ലന്‍ഡ്,ഇന്ത്യ,ഓസ്ട്രിയ,നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ് മരിച്ചവരിലുള്ളത്.

എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരം കൂടിയ പോയിന്‍റിന് അടുത്ത് വച്ചാണ് റോബിന്‍ ഫിഷറുടെ മരണം. തളര്‍ന്നുവീണ് മരിക്കുകയായിരുന്നു റോബിന്‍ ഫിഷര്‍. ഐറിഷ് സ്വദേശിയുടെ മരണം പര്‍വതത്തിന്‍റെ വടക്ക് ടിബറ്റന്‍ മേഖലയില്‍ വച്ചും. പ്രതികൂല കാലാവസ്ഥയും അപകട മേഖലയില്‍ മലകയറ്റക്കാരുടെ തിരക്ക് വര്‍ധിച്ചതും അപകടം ഇരട്ടിയാക്കാന്‍ സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥയായതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൊടുമുടിയുടെ മലകയറ്റ ഭാഗം അടക്കും.