Asianet News MalayalamAsianet News Malayalam

ഹാഫിസ് സയ്യിദ് കുറ്റക്കാരന്‍; ശിക്ഷ വിധിച്ച് കോടതി

'ജമായത്ത് ഉദ് ദാവാ' എന്ന എൻജിഒയുടെ മറവിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചുനൽകുന്നുവെന്ന കുറ്റത്തിനാണ് നിലവില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. ലാഹോറില്‍ നിന്നും ഗുജ്രന്‍വാളിലേക്കുള്ള യാത്രക്കിടെയാണ് ഇയാള്‍ അറസ്റ്റിലായത്

Terror funding case: Hafiz Saeed awarded 11 years in jail
Author
Pakistan, First Published Feb 12, 2020, 4:37 PM IST

ഇസ്ലാമാബാദ്: 2008 ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിച്ച കേസില്‍ 11 വര്‍ഷം ശിക്ഷ വിധിച്ച് പാക് കോടതി. ഒരോകേസിനുമായി 15000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. രണ്ട് കേസുകളാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിച്ചു നല്‍കിയെന്ന കുറ്റത്തിന് ചുമത്തിയത്. പാക്ക് ഭീകരവിരുദ്ധകോടതിയുടേതാണ് വിധി. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനായ ഇയാള്‍ നേരത്തെ വിവിധ കേസുകളില്‍ 16 തവണ പാക്കിസ്ഥാനില്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും എല്ലാ വട്ടവും രക്ഷപ്പെടുകയായിരുന്നു. ഭീകരവിരുദ്ധ കോടതി ജഡ്ജി അര്‍ഷാദ് ഹുസൈന്‍ ഭട്ടാണ് നിര്‍ണായകമായ കേസില്‍ വിധി പറഞ്ഞത്. ലാഹോര്‍ കോടതി നേരത്തെ കേസില്‍ നിരവധിത്തവണ വിധി പറയുന്നത് വൈകിപ്പിച്ചിരുന്നു. 

'ജമായത്ത് ഉദ് ദാവാ' എന്ന എൻജിഒയുടെ മറവിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചുനൽകുന്നുവെന്ന കുറ്റത്തിനാണ് നിലവില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. ലാഹോറില്‍ നിന്നും ഗുജ്രന്‍വാളിലേക്കുള്ള യാത്രക്കിടെയാണ് ഇയാള്‍ അറസ്റ്റിലായത്. കേസിലുള്‍പ്പെട്ട 13 പേര്‍ക്കെതിരെ  23 എഫ്ഐആറുകളാണ് കേസില്‍ ഫൈല്‍ ചെയ്തത്. ഇതില്‍  11 എഫഐആറുകളില്‍ ഹാഫിസ് സയ്യിദ് കുറ്റക്കാരനാണെന്ന് വ്യക്തമാക്കിയിരുന്നു.  ഇന്ത്യയുടേയും അമേരിക്കയുടെയും കൊടും ഭീകരരുടെ ലിസ്റ്റിലെ ഒന്നാം പേരുകാരനാണിയാൾ. സയീദിന്റെ നേതൃത്വത്തിൽ  1990 -ൽ സ്ഥാപിച്ച'ലഷ്കർ-എ-തയിബ' എന്ന തീവ്രവാദസംഘടനയായിരുന്നു മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍. ഇതിന്‍റെ സൂത്രധാരനും ഇയാളായിരുന്നു. 

മുംബൈ ഭീകരാക്രമണത്തിന്‍ പശ്ചാത്തലത്തിൽ ഹാഫിസിനെതിരെ കർശന നടപടി വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കൂടുതൽ തെളിവുകൾ ഇന്ത്യ, പാക്കിസ്ഥാന് കൈമാറിയിരുന്നു. എന്നാൽ ഹാഫിസിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പാക്കിസ്ഥാൻ ഇതുവരെ തയ്യാറായിരുന്നില്ല. 2008-ലാണ് മുംബൈയെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. ലഷ്‍കറിന്‍റെ പത്ത് ഭീകരർ മുംബൈയുടെ പലഭാഗങ്ങളിലായി 12 ഇടങ്ങളിൽ വെടിവെപ്പും ബോംബ് സ്ഫോടനങ്ങളും നടത്തി നഗരത്തെ നാല് ദിവസം കലാപഭൂമിയാക്കി. 174 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിൽ 9 ഭീകരരും ഉൾപ്പെടുന്നു.

Follow Us:
Download App:
  • android
  • ios