ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തില്‍ ഉള്ളപ്പോഴായിരുന്നു ആക്രമണം. സ്ഥലത്ത് നിരവധി സ്ഫോടനങ്ങള്‍ നടന്നു എന്നാണ് റിപ്പോര്‍ട്ട്.
കറാച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്ഥാനെ ഞെട്ടിച്ച് കറാച്ചിയിലെ ഭീകരാക്രമണം. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്താണ് തീവ്രവാദികളുടെ സംഘം ആക്രമണം നടത്തിയത്. പാകിസ്ഥാൻ സമയം വൈകീട്ട് ഏഴ് മണിയോടെ ഷെരിയാ ഫൈസൽ റോഡിലുള്ള കറാച്ചി പൊലീസ് ആസ്ഥാനത്തേക്ക് ഇരച്ച് കയറിയ ഭീകരർ, ഗ്രനേഡാക്രമണം നടത്തുകയും തുരുതുരാ വെടിയുതിർക്കുകയായിരുന്നു. കറാച്ചി പൊലീസിൻ്റെ യൂണിഫോം ധരിച്ചാണ് ഭീകരർ എത്തിയതെന്നാണ് വിവരം.
പാകിസ്ഥാൻ റേഞ്ചേഴ്സ് നടത്തിയ പ്രത്യോക്രമണത്തിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടെന്നാണ് വിവരം. നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റിട്ടുണ്ട്. ആറ് തീവ്രവാദികളെങ്കിലും കെട്ടിട്ടത്തിനുള്ളിൽ ഇപ്പോഴും ഉണ്ടെന്നാണ് കരുതുന്നത്. അഞ്ച് നില കെട്ടിട്ടം കറാച്ചി പൊലീസും പാകിസ്ഥാൻ റേഞ്ചേഴ്സും സൈനിക കമാൻഡോകളും ചേർന്ന് വളഞ്ഞിരിക്കുകയാണ്. താഴത്തെ നാല് നിലകൾ സൈനികർ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കെട്ടിട്ടത്തിന് അകത്ത് നിന്നും ഇപ്പോഴും സ്ഫോടന ശബ്ദങ്ങളും വെടിയൊച്ചകളും കേൾക്കുന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാൻ ഏറ്റെടുത്തതായും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകളുണ്ട്. എട്ട് പേരടങ്ങിയ തീവ്രവാദി സംഘമാണ് കെട്ടിട്ടത്തിന് അകത്തേക്ക് പ്രവേശിച്ചതെന്നാണ് നിലവിലെ നിഗമനം.
