ഇസ്ലാമിക് സ്റ്റേറ്ര് ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്

ഡമാസ്കസ്: സിറിയയിലെ ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിൽ ഭീകരാക്രമണം. ചാവേര്‍ സ്ഫോടനത്തിൽ 15 പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പളളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് നിന്നവർക്ക് നേരെ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു.

സിറിയ തലസ്ഥാനമായ ഡമാസ്കസിലെ മാര്‍ ഏലിയാസ് ചര്‍ച്ചിൽ ഞായറാഴ്ച കുര്‍ബാന നടക്കുന്നതിനിടെയാണ് സംഭവം. ഞായറാഴ്ചയായതിനാൽ തന്നെ പള്ളിയിൽ നിറയെ ആളുകളുണ്ടായിരുന്നു. ഭീകരാക്രമണത്തിൽ 30ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വര്‍ഷങ്ങള്‍ക്കുശേഷമാണ് സിറിയയിൽ ഇത്തരത്തിലുള്ളൊരു ഭീകരാക്രമണം ഉണ്ടാകുന്നത്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ തീവ്രവാദിയാണ് പള്ളിയിൽ കയറിയതെന്നാണ് സിറിയൻ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

പള്ളിയിലേക്ക് കയറിയ ഇയാള്‍ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനുശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വെടിവെപ്പിലും സ്ഫോടനത്തിലുമായാണ് ആളുകള്‍ കൊല്ലപ്പെട്ടത്.

YouTube video player