Asianet News MalayalamAsianet News Malayalam

മദീനയിലെ പ്രവാചകന്റെ പള്ളി കാക്കാൻ ഇനി വനിതാ ഓഫീസർമാരും

സൈനികപരിശീലനത്തിന്റെ ഭാഗമായി ആയോധനകലകളിലും പ്രഥമ ശുശ്രൂഷയിലും, അഗ്നിശമന തന്ത്രങ്ങളിലും ഒക്കെ നൈപുണ്യം ആർജ്ജിച്ചിട്ടുള്ളവരാണ് ഈ വനിതാ ഓഫീസർമാർ.

the brave women who guard the prophet mosque in Madinah Saudi Arabia
Author
Saudi Arabia, First Published Apr 29, 2021, 3:31 PM IST

മദീന: 2016 മുതൽക്കിങ്ങോട്ട് സൗദി അറേബ്യാ സ്ത്രീ ശാക്തീകരണ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഉറച്ച കാൽവെപ്പുകളെക്കുറിച്ചുള്ള സചിത്ര ലേഖനങ്ങൾ നമ്മൾ കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ടുവരുന്നുണ്ട്. അക്കൂട്ടത്തിൽ പെട്ടതാണ്, കഴിഞ്ഞ ദിവസം അറബ് ന്യൂസ് പ്രസിദ്ധീകരിച്ച, ഉംറ തീർത്ഥാടകർക്ക് സുരക്ഷ നൽകാൻ വേണ്ടി സൗദി അറേബ്യൻ  ഗവൺമെന്റ് നിയോഗിച്ചിട്ടുള്ള വനിതാ സെക്യൂരിറ്റി ഓഫീസർമാരുടെ ചിത്രങ്ങളും. വളരെ സ്മാർട്ടായി യൂണിഫോം ധരിച്ചുകൊണ്ട്, തികഞ്ഞ ചടുലതയോടെയാണ് ഇവർ മദീനയിൽ എത്തുന്നവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നത്. 

മക്കയിലും മദീനയിലുമായി ഡസൻ കണക്കിന് വനിതാ ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഗ്രാൻഡ് മോസ്കിലും പ്രവാചകന്റെ പള്ളിയിലും വരുന്ന തീർത്ഥാടകരെ നിയന്ത്രിക്കുന്നത് അവരാണ്. സൗദി അറേബ്യൻ ഭരണകൂടത്തിന്റെ വിഷൻ 2030 എന്ന സ്വപ്നപദ്ധതിയുടെ സുപ്രധാന നേട്ടങ്ങളിൽ ഒന്നായിട്ടാണ് ഈ വനിതാ സുരക്ഷാ ഓഫീസർമാരെ നിയോഗിച്ച നടപടിയെ ഗൾഫ് മാധ്യമങ്ങൾ കാണുന്നത്. 

113 അംഗങ്ങളുള്ള, ഈ സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥ സ്‌ക്വാഡ്, ആറുമാസം മുമ്പാണ് സൈനികപരിശീലനം പൂർത്തിയാക്കി, സേവനത്തിനു നിയുക്തരാകുന്നത്. അന്നുതൊട്ടുതന്നെ, നാലു സംഘങ്ങളായി തിരിഞ്ഞ് ഇവർ 24x7 സുരക്ഷാ സേവനങ്ങൾ നൽകിവരുന്നുണ്ട്. ഉംറ നടത്താൻ വരുന്ന തീർത്ഥാടകരെ നിരീക്ഷിക്കുകയും, അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുകയുമാണ് ഈ ലേഡി ഓഫീസർമാരിൽ നിക്ഷിപ്തമായ ദൗത്യം എന്ന് മദീന പൊലീസ് തലവൻ, മേജർ ജനറൽ അബ്ദുൽ റഹ്മാൻ അൽ മഷ്ഹാൻ പറഞ്ഞതായി അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കാപ്പി നിറത്തിലുള്ള അംഗവസ്ത്രങ്ങളും, കറുത്ത തൊപ്പിയും മുഖം പാതി മറയ്ക്കുന്ന മുഖാവരണവുമാണ് ഈ ഓഫീസർമാരുടെ മുഖമുദ്ര. ഉംറയ്ക്ക് വരുന്ന വനിതകൾക്ക് വേണ്ട സഹായങ്ങൾ നൽകുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പിക്കുക കൂടി അവർ ചെയ്യുന്നുണ്ട്. ഈ അടുത്തകാലം വരെ അവർക്ക് പ്രവേശനം നിഷിദ്ധമായിരുന്ന ഒരു മേഖലയിലേക്ക് നടാടെ അവസരം കിട്ടിയതിൽ ഇവർക്ക് തികഞ്ഞ സന്തോഷമുണ്ട്. സൈനികപരിശീലനത്തിന്റെ ഭാഗമായി ആയോധനകലകളിലും പ്രഥമ ശുശ്രൂഷയിലും, അഗ്നിശമന തന്ത്രങ്ങളിലും ഒക്കെ നൈപുണ്യം ആർജ്ജിച്ചിട്ടുള്ളവരാണ് ഈ വനിതാ ഓഫീസർമാർ. അതിനു പുറമെ അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യവും, കമ്പ്യൂട്ടർ അവബോധവും സിദ്ധിച്ചിട്ടുള്ളവരാണ് ഇവർ. 

ഇത് ഒരു സന്നദ്ധ സേവനമാണ് എന്ന് കരുതുന്നതുകൊണ്ടു കൂടിയാണ് ഇവിടേക്ക് വരാൻ ഉറപ്പിച്ചത് എന്ന് സംഘത്തിലെ 27 കാരിയായ ഓഫീസർ ഹനാൻ അൽ റാഷിദി പറഞ്ഞു. പ്രവാചകന്റെ പള്ളിയിൽ, മദീനയിലേക്ക് വരുന്ന വിശ്വാസികൾക്ക് വേണ്ട സേവനങ്ങൾ ചെയ്യാൻ ഭാഗ്യം സാധിച്ചതിൽ തികഞ്ഞ സന്തോഷം തോന്നുന്നുണ്ട് എന്നും അവർ പറഞ്ഞു. 

2013 -ൽ തുടങ്ങിയ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സൗദിയിലെ സ്ത്രീകൾക്ക് അതുവരെ ഇല്ലാതിരുന്ന പല അവസരങ്ങളും കൈവന്നിരുന്നു. 2015 -ൽ രാജ്യത്തെ വിനോദ കായിക കേന്ദ്രങ്ങളിലേക്ക് സ്ത്രീകൾക്ക് കൂടി പ്രവേശനം അനുവദിക്കപ്പെടുന്നു.  2018 -ൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനും, വാഹനങ്ങൾ ഓടിക്കാനുമുള്ള അനുമതി കിട്ടുന്നു.  2019 -ൽ സായുധ സേനകളിലേക്കും മറ്റു സുരക്ഷ സൈന്യങ്ങളിലേക്കും സ്ത്രീകളെ പ്രവേശിപ്പിച്ചു തുടങ്ങുന്നു. അതേ വർഷം തന്നെ റീമ ബിൻത് ബന്ദർ സൗദിയുടെ ആദ്യ വനിതാ അംബാസഡർ ആയി നിയമിതയാകുന്നു. ഒപ്പം, പുരുഷനായ രക്ഷിതാവിന്റെ സമ്മത പത്രം കൂടാതെ തന്നെ പാസ്പോർട്ട്, വിസ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാനും, യാത്രചെയ്യാനും ഒക്കെയുള്ള അനുമതി സൗദിയിലെ സ്ത്രീകൾക്ക് ലഭ്യമാകുന്നു. 2020 -ൽ അമൽ അൽ മൗഅല്ലമി നോർവേയിലേക്കുള്ള സൗദിയുടെ അംബാസഡറായി നിയുക്തയാകുന്നു. അക്കൊല്ലം തന്നെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് താമസിക്കാനുള്ള അവകാശവും ഒരു സുപ്രധാന കേസിലെ വിധിക്കൊപ്പം സ്ത്രീകൾക്ക് ലഭിക്കുന്നു. ഈ ചരിത്ര പ്രധാനവും പുരോഗമന പരവുമായ നടപടികളുടെ തുടർച്ചയായിട്ടാണ് ഇപ്പോൾ, 2021 -ൽ മദീനയിൽ ഉംറ തീർത്ഥാടകരുടെ സുരക്ഷയ്ക്കായി വനിതാ ഓഫീസർമാരെ സൗദി ഭരണകൂടം നിയോഗിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios