അമേരിക്കയുടെ സൈബർ സ്‌പേസിൽ വന്നു കളിച്ചാൽ, തിരിച്ച് പണികിട്ടാതെ പോവാൻ പറ്റില്ല എന്ന് ഉത്തരകൊറിയയുടെ ഗവണ്മെന്റ് സ്‌പോൺസേർഡ് ഹാക്കർമാർ ബോധ്യപ്പെടുത്തണം എന്നുമാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ എന്നാണ് ഇയാൾ പറയുന്നത്. 

പ്യോങ്യാങ്: കഴിഞ്ഞ രണ്ടാഴ്ചയോളമായി ഉത്തര കൊറിയയിലെ ഇന്റർനെറ്റ് സംവിധാനങ്ങൾ ആകെ താറുമാറായ അവസ്ഥയിലാണ്. ആകെ വിരലിലെണ്ണാവുന്ന വെബ്‌സൈറ്റുകൾ മാത്രം പ്രവർത്തിക്കുന്ന ഇവിടെ, പല ദിവസങ്ങളിലും പല സൈറ്റുകളും കിട്ടാത്ത അവസ്ഥ വന്നു. എയർ കോർയോയുടെ വെബ്‌സൈറ്റ് മുതൽ, കിം ജോംഗ് ഉന്നിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നറിയപ്പെടുന്ന നെയ്നറ വരെ അന്ന് ഡൗണായി. ഇങ്ങനെ രാജ്യത്തെ നിർണായകമായ ഡിജിറ്റൽ ഇടപാടുകൾ നിയന്ത്രിക്കുന്ന പല സൈറ്റുകളും നിശ്ചലമായതോടെ ഉത്തര കൊറിയയും പുറം ലോകവും തമ്മിലുള്ള ബന്ധം വിച്ഛേദിച്ച മട്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തര കൊറിയ കുറെ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടായിരുന്നതിനാൽ, ഇത് ഇത്തരം 'വികൃതിത്തരങ്ങളോടുള്ള' ചില പാശ്ചാത്യ ഗവൺമെന്റുകൾ സ്പോൺസർ ചെയ്യുന്ന ഹാക്കർമാരുടെ പ്രതികരണമാവും ഇതെന്നാണ് ആദ്യം പലരും കരുതിയത്.

എന്നാൽ, ഈ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം യുഎസ് സൈബർ കമാൻഡിനോ, മറ്റേതെങ്കിലും ഫോറിൻ സൈബർ ഇന്റലിജൻസ് ഏജൻസിക്കോ അല്ലായിരുന്നു. അത് ചെയ്തത് ഒരൊറ്റ അമേരിക്കൻ പൗരൻ തനിച്ചായിരുന്നു. ഒരു സാധാരണ ടീഷർട്ടും ട്രാക്ക്സ്യൂട്ടും ധരിച്ച്, സ്നാക്ക്‌സും കൊറിച്ചുകൊണ്ട് സ്വന്തം വീട്ടിലെ സിസ്റ്റത്തിൽ ഇരുന്നുകൊണ്ട് അയാൾ പൊളിച്ചടുക്കിയത് ഉത്തര കൊറിയ എന്ന രാജ്യത്തിന്റെ സൈബർ ശൃംഖലയെ തന്നെയാണ്. P4x എന്ന വിളിപ്പേരിൽ സൈബർ ലോകത്ത് അറിയപ്പെട്ടിരുന്ന അയാൾ, പടിഞ്ഞാറൻ രാജ്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ഉത്തരകൊറിയൻ സൈബർ വിദഗ്ധർ നടത്തിയ മുൻ ആക്രമണങ്ങളിൽ ഒന്നിന്റെ ഇര കൂടിയാണ്. ഇങ്ങനെ ഹാക്ക് ചെയ്യപ്പെട്ടപ്പോഴും, അവനവന്റെ വിലപ്പെട്ടതൊന്നും തന്നെ നഷ്ടപ്പെടാതെ കാക്കാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാലും, ഇങ്ങനെ ഒരു ഹാക്കിങ് നടന്ന പാടെ ഇതേപ്പറ്റി ഒരു പരാതി അദ്ദേഹം യുഎസിലെ സൈബർ സെക്യൂരിറ്റി ഏജൻസികൾക്ക് നൽകിയിരുന്നു. എന്നാൽ, ഏതാണ്ട് ഒരു കൊല്ലത്തോളം കാലം താതിരുനിട്ടും, ഗവണ്മെന്റ് ഏജൻസികളുടെ ഭാഗത്തുനിന്ന് യാതൊരു വിധത്തിലുള്ള അനുകൂല നടപടികളും ഉണ്ടാകാഞ്ഞപ്പോൾ, പകരം വീട്ടാനുള്ള ഉത്തരവാദിത്തം P4x എന്ന കൃതഹസ്തനായ ഹാക്കർ സ്വയം ഏറ്റെടുക്കുന്നു. അമേരിക്കയുടെ സൈബർ സ്‌പേസിൽ വന്നു കളിച്ചാൽ, തിരിച്ച് പണികിട്ടാതെ പോവാൻ പറ്റില്ല എന്ന് ഉത്തരകൊറിയയുടെ ഗവണ്മെന്റ് സ്‌പോൺസേർഡ് ഹാക്കർമാർ ബോധ്യപ്പെടുത്തണം എന്നുമാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ എന്നാണ് ഇയാൾ പറയുന്നത്. താരതമ്യേന പഴഞ്ചനായ ഉത്തരകൊറിയൻ സെക്യൂരിറ്റി സിസ്റ്റങ്ങൾ ഹാക്ക് ചെയ്യുക ഏറെക്കുറെ എളുപ്പമായിരുന്നു എന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.