ഫ്ലോറിഡ: വില്യം മോൾഡുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഏറ്റവും ഒടുവിൽ ബന്ധപ്പെട്ടത് 1997 നവംബർ ഏഴിനാണ്. അതിന് ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. മരിച്ചോ, കൊല്ലപ്പെട്ടോ, ആരെങ്കിലും തട്ടിക്കൊണ്ടുപോയോ തുടങ്ങി ചോദ്യങ്ങളുടെ നീണ്ടനിരയ്ക്ക് ഉത്തരം നൽകാതെ അയാൾ അപ്രത്യക്ഷനാവുകയായിരുന്നു. എന്നാൽ 22 വർഷത്തിനിപ്പുറം ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയിരിക്കുകയാണ് ഗൂഗിൾ എർത്ത്. വില്യം മോൾഡിന്റെ തിരോധാന കേസിന്റെ ഫയൽ ഇനി അധികൃതർക്ക് അടയ്ക്കാം.

ഫ്ലോറിഡയിലെ പാം ബീച്ച് കൺട്രിയിൽ നിന്നും കാണാതാവുമ്പോൾ മോൾഡിന് പ്രായം 40 വയസ്. ബാറിൽ നിന്ന് കാമുകിയെ ഫോണിൽ വിളിച്ച മോൾഡ് അന്ന് പറഞ്ഞത് താൻ ഉടനെ വീട്ടിലെത്തുമെന്നായിരുന്നു. എന്നാൽ മോൾഡിന് ആ വാക്ക് പാലിക്കാനായില്ല. ബാറിൽ നിന്നും മോൾഡ് ഒറ്റയ്ക്ക് പുറത്തേക്ക് നടക്കുന്നതും തന്റെ കാറിൽ കയറുന്നതിനും തെളിവുകൾ കിട്ടിയെങ്കിലും അതിന് ശേഷം എങ്ങോട്ട് പോയെന്നോ എന്ത് സംഭവിച്ചോ എന്നോ ആർക്കും കണ്ടെത്താനായില്ല. ആ രാത്രിയിലാണ് അദ്ദേഹത്തെ അവസാനമായി ആരെങ്കിലും ജീവനോടെ കണ്ടത്.

ഫ്ലോറിഡയ്ക്കടുത്തുള്ള വെല്ലിംഗ്‌ടൺ നഗരത്തിലെ മുൻ താമസക്കാരൻ ഗൂഗിൾ എർത്തിൽ ഈ പ്രദേശത്തിന്റെ ചിത്രങ്ങൾ നോക്കിക്കാണുന്നതിനിടെയാണ് മോൾഡിന്റെ തിരോധാനക്കേസിലും തുമ്പായത്. മോൾഡിനെ കാണാതായ പാംബീച്ച് കൺട്രിക്കടുത്തെ ഒരു കുളത്തിൽ വെള്ളത്തിനടയിൽ കണ്ട കാറാണ് ഇതിന് ആധാരമായത്.

കാർ കണ്ടെത്തിയ വ്യക്തിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഈ വ്യക്തി വിളിച്ചറിയിച്ചതനുസരിച്ച് ഈ കുളത്തിനടുത്ത് താമസിക്കുന്നയാൾ തന്റെ ഡ്രോൺ ക്യാമറ ഉപയോഗിച്ച് കുളത്തിന്റെ ആകാശക്കാഴ്ചകൾ പകർത്തി പരിശോധിച്ചു. ഇദ്ദേഹം പിന്നീട് പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി കുളത്തിൽ നിന്ന് കാർ പുറത്തെടുക്കുകയുമായിരുന്നു. കാറിൽ നിന്നും മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ ലഭിച്ചു. ഇവ പിന്നീട് വിശദമായ പരിശോധനയ്ക്ക് അയക്കുകയും മോൾഡിന്റേതാണെന്ന് ചൊവ്വാഴ്ച സ്ഥിരീകരിക്കുകയും ചെയ്തു. ബാറിൽ നിന്ന് വീട്ടിലേക്ക് പോയ മോൾഡിന്റെ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.