രാത്രി പന്ത്രണ്ടു മണിക്ക് രാജകുടുംബാംഗങ്ങൾ മാത്രമുള്ള ചടങ്ങിൽ മൃതദേഹംസെന്റ് ജോർജ് ചാപ്പലിൽ സംസ്കരിക്കും. സെപ്തംബർ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്
ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിട നൽകും.ലണ്ടൻ നഗര ഹൃദയത്തിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ
ദിവസങ്ങളായി നടന്നുവരുന്ന പൊതുദർശനം ഇന്ത്യൻ സമയം രാവിലെ 11.00 നു അവസാനിക്കും. തുടർന്ന്
ആചാരപരമായ വിലാപ യാത്രയായി മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ അബ്ബെയിലേക്ക്
കൊണ്ടുവരും.
1953 ൽ രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ ദേവാലയമാണ് വെസ്റ്റ്മിൻസ്റ്റർ അബ്ബെ. രാഷ്ട്രത്തലവന്മാരും
യൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും അടക്കം രണ്ടായിരത്തോളം വിശിഷ്ട വ്യക്തികൾ ഇവിടെ രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കും. ഇന്ത്യൻ സമയം വൈകീട്ട് അഞ്ചു മണിയോടെ വിലാപയാത്രയായി മൃതദേഹം വെല്ലിംഗ്ടൺ ആർച്ചിൽ എത്തിക്കും. രാത്രി പന്ത്രണ്ടു മണിക്ക് രാജകുടുംബാംഗങ്ങൾ മാത്രമുള്ള ചടങ്ങിൽ മൃതദേഹം
സെന്റ് ജോർജ് ചാപ്പലിൽ സംസ്കരിക്കും.സെപ്തംബർ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്
എലിസബത്തിന്റെ വിടവാങ്ങലോടെ അക്ഷരാർത്ഥത്തിൽ ബ്രിട്ടനിൽ ഒരു യുഗത്തിന്റെ അന്ത്യമാണ്
ആചാരങ്ങളെ ഇഷ്ടപ്പെടുന്ന ബ്രിട്ടന് ആചാരങ്ങളെ അത്രകണ്ട് പിന്തുടരുന്ന ഒരു ഭരണാധികാരി ഇനിയുണ്ടാവില്ല. ചാൾസ് മൂന്നാമന് അതിന്റെ പകുതി പോലും ജനപ്രീതിയുമില്ല.ചാൾസിനുശേഷം വില്യം, പിന്നെ വില്യമിന്റെ മൂത്തമകൻ ജോർജ്, പിന്നെ മകൾ ഷാർലറ്റ്, പിന്നെ ഇളയമകൻ ലൂയിസ്, പിന്നെ ഹാരി, ഹാരിയുടെ മകൻ,എട്ടാമതാണ് ആൻഡ്രൂ രാജുകമാരൻ. 16 മതാണ് ആൻ രാജുകമാരി. അങ്ങനെയാണ് അനന്തരാവകാശികളുടെ സ്ഥാനം. ഇതൊക്കെ തലമുറകളായുള്ള ആചാരപ്രകാരമാണ്. അതിലാർക്കും തർക്കമുണ്ടാവില്ല. പക്ഷേ വേറെ ചില തീപ്പൊരികൾ വീണിട്ടുണ്ട് രാജകുടുംബത്തിൽ. ഡയാനയുടെ മരണവും ഹാരി മേഗൻ വിവാദവും അടക്കം. ഒന്നും ആളിക്കത്താതെ സൂക്ഷിച്ചു എലിസബത്ത്. മാറ്റങ്ങൾ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു എലിസബത്ത്. അതേസമയം ആചാരങ്ങൾ ഇഷ്ടപ്പെട്ടു. ആ ഇഷ്ടം മറച്ചുവച്ചുമില്ല. ആഘോഷങ്ങൾ പണ്ടുപണ്ടേയുണ്ടായിരുന്ന പോലെ തുടർന്നുപോന്നു.പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും പഴയകാല സൗന്ദര്യം കാത്തുസൂക്ഷിച്ചു. രാജഭരണാധികാരി എങ്ങനെയാവണം എന്ന കാര്യത്തിൽ എലിസബത്തിന് സ്വന്തം നിലപാടുകളുണ്ടായിരുന്നു.. വിവാദങ്ങൾക്ക് കാത്തിരുന്നവർക്ക് എലിസബത്തിന്റെ വാക്കുകളിൽ ഒന്നും കണ്ടെത്താനായില്ല. രാഷ്ട്രീയത്തിലും ഇടപെടില്ല എന്നത് എലിസബത്തിന്റെ നയമായിരുന്നു, അതേസമയം പ്രധാനമന്ത്രിമാർക്ക് പലപ്പോഴും എലിസബത്ത് അഭയസ്ഥാനമായിട്ടുണ്ട്. ഭരണരംഗത്തെ പ്രശ്നങ്ങളെന്തും എലിസബത്തിനോട് പറയാമായിരുന്നു അവർക്ക്.. അതേസമയം ആദ്യമായി ടെലിവൈസ് ചെയ്ത കിരീടധാരണം എലിസബത്തിന്റെയായിരുന്നു. അതും സ്വന്തം തീരുമാനം, ചർച്ചിലിന്റെ എതിർപ്പടക്കം തള്ളിക്കളഞ്ഞുകൊണ്ട്. കൊട്ടാരത്തിനുള്ളിലെ ജീവിതം ഡോക്യുമെന്ററിയാക്കാൻ അനുവദിച്ചതും എലിസബത്താണ്. എന്നെ വിശ്വസിക്കണമെങ്കിൽ ജനങ്ങൾ എന്നെ കാണണം, അറിയണം. അതായിരുന്നു എലിസബത്തിന്റെ വിശ്വാസപ്രമാണം. രാജഭരണത്തിന്റെ പ്രതാപകാലം അവസാനിച്ചിട്ടും ബ്രിട്ടൻ അവരുടെ രാജുകുടംബത്തെ സ്നേഹിച്ചു, ബഹുമാനിച്ചു. അതിൽ എലിസബത്തിനായിരുന്നു പ്രധാനസ്ഥാനം. ഡയാനയുടെ മരണത്തിൽ തോന്നിയ അനിഷ്ടത്തിലാണ് എലിസബത്തിന്റെ കണക്കുകൂട്ടൽ തെറ്റിയത്. എന്നിട്ടും
ബ്രിട്ടിഷ് ജനതയ്ക്ക് എലിസബത്ത് ഒരു വൻമരമായിരുന്നു, ഒരു ഭൂചലനത്തിനും ഉലയ്ക്കാൻ പോലും കഴിയാത്ത തണൽമാത്രം നൽകുന്ന വൻമരം. അതില്ലാതെയാവുകയാണിനി. രാജകുടുംബത്തോട്, ചാൾസിനോട്, കാമില്ലയോട് ഒന്നും ഈയൊരു ബന്ധം ഉണ്ടാവില്ല. കുറച്ചെങ്കിലും സ്ഥാനം നേടുക വില്യമായിരിക്കും. ചാൾസിന് വേറെയും പ്രശ്നങ്ങളുണ്ട്, ജനപ്രീതി തീരെയില്ല. രാജകൊട്ടാരത്തിനും ആ വ്യവസ്ഥിതിക്കും നേരെ വിരലുകളുയർന്നിട്ടുണ്ട് നേരത്തെതന്നെ. പക്ഷേ എലിസബത്തിന് നേർക്ക് വിരൽ ചൂണ്ടിയിട്ടില്ല ആരും. ചാൾസിനോട് അങ്ങനെയായിരിക്കില്ല സമീപനം. ഹാരിയുടേയും മേഗന്റെയും പിൻവാങ്ങലും ഓപ്പറ വിൻഫ്രേയ്ക്ക് നൽകിയ അഭിമുഖവും എലിസബത്തിനെ പോലും ഞെട്ടിച്ചിരുന്നു. പരസ്യമായ വികാരപ്രകടനങ്ങളുണ്ടായില്ല, എന്നുമാത്രം. മേഗൻ തിരികൊളുത്തിയ കനലുകൾക്ക് ഒരു പക്ഷേ ചാൾസായിരിക്കും പരിഹാരം കാണേണ്ടിവരിക.കോമൺവെൽത്ത് രാജ്യങ്ങളുടെ കൊഴിഞ്ഞുപോക്ക്, രാജഭരണത്തിന്റെ പ്രസക്തി തന്നെ മാഞ്ഞുപോകുന്ന കാലഘട്ടം. ഇതൊക്കെയാണ് ഭരണരംഗത്ത് ചാൾസിനെ കാത്തിരിക്കുന്നത്. രാജ്യത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തമായിരുന്നു എലിസബത്തിന് പ്രധാനം. പക്ഷേ സ്വന്തം ഇഷ്ടങ്ങൾക്കും ജീവിതത്തിനും പ്രാധാന്യം നൽകുന്ന കൂട്ടത്തിലാണ് ചാൾസ്.ചാൾസ് മൂന്നാമൻ എന്ന പുതിയ രാജാവിന്റെ നയങ്ങളെന്ത് എന്നറിയാൻ കാത്തിരിക്കയാണ്, ബ്രിട്ടനും ലോകവും. പരിസ്ഥിതിസംരക്ഷണത്തിൽ ചാൾസിന്റെ നിലപാടുകളും പ്രവർത്തനങ്ങളും പരിസ്ഥിതി സ്നേഹികൾ കൈയടിച്ച് അംഗീകരിക്കുന്നു, ആദ്യത്തെ ക്ലൈമറ്റ് കിങ് എന്നാണ് ചാൾസിന് വീണിരിക്കുന്ന പേര്. ചോദ്യങ്ങൾ പിന്നെയും ബാക്കിയാണ്. ആചാരങ്ങളിൽ നിന്നെല്ലാം വിട്ടുമാറി , ആധുനികതയെ സ്വീകരിക്കുമോ ചാൾസ് എന്ന ചോദ്യമാണതിൽ പ്രധാനം. വെസ്റ്റ്മിനിസ്റ്റർ ആബിയിലായിരിക്കും കിരീടധാരണം. അവിടെ കിരീടധാരണം നടക്കുന്ന 40 മത്തെ രാജാവായിരിക്കും ചാൾസ്. അതിനുശേഷം കാമില്ല പാർക്കർ, ക്വീൻ കൺസോർട്ട് എന്നറിയപ്പെടും. ഡയാനയോടുള്ള സ്നേഹം തീർന്നിട്ടില്ല ബ്രിട്ടന്. പ്രിൻസസ് എന്ന വിളിപ്പേര് ഡയാനക്കുമാത്രമേ ഉണ്ടായിരുന്നുള്ളു. ആ സ്ഥാനത്ത് കയറിപ്പറ്റിയ കാമില്ലയെ ബ്രിട്ടിഷ് ജനത എത്രകണ്ട് ഹൃദയം കൊണ്ട് സ്വീകരിക്കും എന്നുമറിയാനിരിക്കുന്നേയുള്ളു..
