ഈ വർഷം ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റായ മെലിസ ജമൈക്കയിലേക്ക് എത്തി. മണിക്കൂറിൽ 282 കിലോമീറ്റർ വേഗതയുള്ള കാറ്റഗറി 5 തീവ്രചുഴലിയാണ് ഇത്. 

മണിക്കൂറിൽ 282 കിലോമീറ്റർ വേ​ഗം. ഇക്കൊല്ലം ലോകം കണ്ട ഏറ്റവും വലിയ ചുഴലി. കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിലേക്ക് മെലിസ ചുഴലിക്കാറ്റ് എത്തിക്കഴിഞ്ഞു. കാറ്റ​ഗറി അഞ്ചിൽ പെടുന്ന തീവ്രചുഴലിയാണ് മെലിസ. മെലിസ ജമൈക്കയ്ക്ക് മേൽ വൻ ദുരന്തം സൃഷ്ടിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിനാശകരമായ കാറ്റിനും അതിദുരിതം തീർക്കുന്ന വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് യുഎസ് നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചിട്ടുണ്ട്.

ജമൈക്കയിൽ തന്നെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായി ഇതുമാറുമെന്നാണ് കാലാവസ്ഥാ വിദ​ഗ്ധർ പറയുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയുടെ തീരത്ത് ഇടിമിന്നലുകളുടെ കൂട്ടമായാണ് മെലിസ ഉത്ഭവിച്ചത്. പിന്നീടത് പടിഞ്ഞാറേക്ക് സഞ്ചരിച്ച് ന്യൂനമർദ്ദമായി പരിണമിച്ചു. ഒക്ടോബർ 21 ന് അത് ചുഴലിലായി രൂപം കൊണ്ടു. ആ ആഴ്ചയുടെ അവസാന പാദത്തോടെ കരീബിയൻ കടലിലൂടെ പടിഞ്ഞാറേക്ക് നീങ്ങിയ മെലിസ കാറ്റ​ഗറി 4ൽ ഉൾപ്പെടുന്ന ചുഴലിക്കാറ്റായി. വീണ്ടും ശക്തി പ്രാപിച്ച് അഞ്ചാം ​കാറ്റ​ഗറിയിൽപെടുന്ന അതിതീവ്ര ചുഴലിയായി.

സഫിർ-സിംപ്സൺ ഹരികെയ്ൻ വിൻഡ് സ്കെയിൽ ഉപയോ​ഗിച്ചാണ് ചുഴലിക്കാറ്റുകളെ തരം തിരിക്കാറുള്ളത്. കാറ്റിന്റെ വേ​ഗതയുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കൽ. ഇങ്ങനെ അഞ്ച് വിഭാ​ഗങ്ങളായിട്ടാണ് ചുഴലിക്കാറ്റുകളെ തരംതിരിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും ശക്തിയേറിയതാണ് അഞ്ചാം കാറ്റ​ഗറി. മണിക്കൂറിൽ 252 കിലോമീറ്ററോ അതിൽ കൂടുതലോ വേ​ഗതയിൽ വീശുന്നവയാണ് ഈ വിഭാ​ഗത്തിലേത്. വൻ ദുരന്തം വരുത്താൻ പോന്നവയാണ് ഈ ചുഴലികൾ. മെലിസയുടെ പശ്ചാത്തലത്തിൽ ജമൈക്കയിൽ വലിയ ജാ​ഗ്രതാ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.

2025ലെ അത്‍ലാന്റിക് ഹരികേൻ സീസണിലെ 13ാമത്തെ ചുഴലിയാണ് മെലിസ. ജൂൺ ഒന്നു മുതൽ നവംബർ 30 വരെ നീണ്ടുനിൽക്കുന്നതാണ് അത്‍ലാന്റിക് ചുഴലി സീസൺ. അത്‍ലാന്റിക് തടത്തിൽ ഓരോ വർഷവും 7 ചുഴലിക്കാറ്റുകളും 3 തീവ്ര ചുഴലിക്കാറ്റുകളും ഉണ്ടാകാറുണ്ട്. ഈ സീസണിൽ ഇത്തവണ പതിവിലും കൂടുതൽ ചുഴലികൾ രൂപപ്പെടുമെന്ന് അമേരിക്കയിലെ ദ നാഷണൽ ഓഷ്യനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ പ്രവചിച്ചിരുന്നു. ഓ​ഗസ്റ്റിലെ എറിൻ, സെപ്തംബറിലെ ഹംബർട്ടോ എന്നീ ചുഴലികൾക്ക് ശേഷം ഇക്കൊല്ലത്തെ ചുഴലി സീസണിൽ വീശുന്ന മൂന്നാമത്തെ അഞ്ചാം കാറ്റ​ഗറി ചുഴലിയാണ് മെലിസ.

20 വർഷങ്ങൾക്കിടെ ഇത് ആദ്യമായാണ് ഒറ്റസീസണിൽ തന്നെ ഇത്രയധികം വമ്പൻ ചുഴലികളുണ്ടാകുന്നത്. എറിനേക്കാളും ഹംബർട്ടോയേക്കാളും ശക്തികൂടിയാണ് മെലിസ എത്തുന്നത്. പൊതുവെ അഞ്ചാം കാറ്റ​ഗറിയിലുള്ള ചുഴലികൾ 24 മണിക്കൂറിനുള്ളിൽ ദുർബലമാകാറുണ്ട്. ക്യൂബൻ തീരത്തേക്ക് നീങ്ങുന്നതോടെ ചുഴലി ശക്തി ക്ഷയിച്ച് മൂന്നാം കാറ്റ​ഗറിയിലേക്ക് മാറുമെന്നാണ് പ്രവചനം. ജമൈക്കയിൽ ഇതുവരെ നാലാം കാറ്റ​ഗറിയിൽപെടുന്ന ചുഴലിവരെയാണ് ഉണ്ടായിട്ടുള്ളത്. 1988ലായിരുന്നു ഇത്. ജമൈക്കയുടെ രേഖപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു ഇത്. 45 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

മന്ദഗതിയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് ജമൈക്കയ്ക്ക് ഒരു ദുരന്തം സൃഷ്ടിക്കാൻ പോവുകയാണെന്നാണ് അമേരിക്ക ആസ്ഥാനമായുള്ള നാഷണൽ ഹരിക്കേൻ സെന്ററിന്റെ ഡയറക്ടർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ജമൈക്കയുടെ തലസ്ഥാനമായ കിംഗ്സ്റ്റണിന്റെ ചില ഭാഗങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുകഴിഞ്ഞു. ദ്വീപിനെ പല വിഭാഗങ്ങളായി തിരിച്ചാണ് മെലിസയെ നേരിടാനുള്ള തയ്യാറെടുപ്പ് നടക്കുന്നത്. 

മെലിസയുടെ മന്ദ​ഗതിയിലുള്ള നീക്കം ചില പ്രദേശങ്ങളിൽ നീണ്ടുനിൽക്കുന്ന പേമാരിക്കും പ്രളയത്തിനും ഉരുൾപ്പൊട്ടലുകൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ ജമൈക്കയുടെ പല ഭാ​ഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്റെയും മർദ്ദത്തിന്റെയും രീതി പരി​ഗണിച്ച് മെലിസ ഈ വർഷം ലോകത്ത് വീശിയടിച്ച ചുഴലികളിൽ ഏറ്റവും ശക്തിയേറിയത് ആകുമെന്നാണ് നാഷണൽ ഹരിക്കേൻ സെന്ററിന്റെ ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നത്.