ടെക്സസ്: സ്കൂള്‍ കാലം മുതല്‍ ഒന്നിച്ചുള്ള കൂട്ടുകാര്‍, പരസ്പരമുള്ള പ്രണയം വിവാഹത്തിലെത്തിയതിന്‍റെ ആഘോഷത്തിലായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നില്ല ആ സന്തോഷം. വീട്ടുകാരെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി ആ ദമ്പതികള്‍ ഒരു വാഹനാപകടത്തില്‍ ഒരുമിച്ച് മരിച്ചു. 

ടെക്സസിലാണ് അതിദാരുണമായ സംഭവം നടന്നത്. ഹാര്‍ലിയും റിയാനന്‍ മോര്‍ഗനും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. ടെക്സസില്‍ വച്ചായിരുന്നു ഇരുവരുടെയും മാംഗല്യം. എന്നാല്‍ വിവാഹത്തിന് ശേഷം ഹൈവേയിലേക്ക് തിരിഞ്ഞ ഇരുവരെയും പാഞ്ഞെത്തിയ ട്രക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. 

ഹാര്‍ലിയുടെ അമ്മയും സഹോദരിയും നോക്കി നില്‍ക്കെയായിരുന്നു ആ അപകടം. എന്‍റെ രണ്ട് കുട്ടികളും മരിക്കുന്നത് നോക്കി നില്‍ക്കേണ്ടി വന്നു വെന്ന് മോര്‍ഗന്‍ പറഞ്ഞു. ഈ ജീവിതകാലം മുഴുവന്‍ മനസ്സില്‍ നിന്ന് മായാത്ത ചിത്രമായിരിക്കുമതെന്നും അവര്‍ നിറകണ്ണുകളോടെ പറഞ്ഞു. 

''എന്‍റെ കുട്ടികളുടെ രക്തം ഇപ്പോഴും എന്‍റെ കയ്യിലുണ്ട്. അവരെ പിടിച്ചുമാറ്റാന്‍ ഞാന്‍ ശ്രമിച്ചിരുന്നു'' - ഹാര്‍ലിയുടെ അമ്മ പറഞ്ഞുകൊണ്ടിരുന്നു. 19 വയസുമാത്രമാണ് ഹാര്‍ലിയുടെ പ്രായം. റിയാനനിന് 20 ഉം. വിവാഹം റെജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്താനുമാണ് അവര്‍ കൗണ്ടി കോര്‍ട്ട് ഹൈസിന് സമീപം എത്തിയത്. ഒപ്പം പ്രിയപ്പെട്ട ചിലരുമുണ്ടായിരുന്നു. 

അപകടത്തിന് ശേഷം നിരവധി പേരാണ് എത്തിയത്. ബേക്കറാണ് ഹാര്‍ലി. അതുകൊണ്ടുതന്നെ അവരുടെ കേക്കുകള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്ന് എത്തിയവരെല്ലാം പറഞ്ഞു. മദ്യപിച്ചാണ് ട്രക്ക് ഡ്രൈവര്‍ വാഹനമോടിച്ചത്. അപകടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.