ക്വലാലംപൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ മലേഷ്യയിലെ ക്വലാലംപൂർ എയർപോർട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർ ദുരിതത്തിൽ. എംബസിയിൽ നിന്നും രണ്ട് ദിവസമായി വിവരങ്ങൾ കിട്ടുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.  ഇന്ന് 5 മണിക്ക് വിമാനത്താവളത്തിൽ നിന്ന് ഇറങ്ങണമെന്നാണ് ഇവര്‍ക്ക് കിട്ടിയ നിർദേശം. 

യാത്ര വിലക്കിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള  കണക്ടിങ്ങ് വിമാനം കിട്ടാത്തവരും  ഇതിൽ ഉൾപ്പെടുന്നു. മലയാളികളും തമിഴ് നാട്ടുകാരും ഉൾപ്പെടെയുള്ളവരാണ് ഇവിടെ മൂന്നുദിവസമായി കുടുങ്ങിക്കിടക്കുന്നത്. മലേഷ്യയുടെ പുറത്ത് നിന്ന് എത്തിയവർക്ക് തിരികെ പോകാൻ കഴിയുന്നില്ലെന്നും സർക്കാർ ഇടപെടൽ വേണം എന്നുമാണ് ഇവരുടെ അഭ്യർത്ഥന.

ക്വലാലംപൂരിൽ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക വിമാനം പോയെങ്കിലും ഇതേക്കുറിച്ചുള്ള ഒരു അറിയിപ്പും വിമാനത്താവളത്തിൽ ലഭിച്ചില്ലെന്ന് കുടുങ്ങി കിടക്കുന്നവർ ഇന്നലെ അറിയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ബുക്കിംഗ് തീർന്നെന്ന മറുപടിയാണ് കിട്ടിയതെന്നും കുടുങ്ങി കിടക്കുന്നവർ പരാതിപ്പെടുന്നു. കൈയിലുള്ള പണമെല്ലാം തീർന്നുതുടങ്ങിയെന്നും അടിയന്തരമായി കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

മലേഷ്യയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഒരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്നും കുടുങ്ങി കിടക്കുന്നവർ ആരോപിക്കുന്നുണ്ട്. ഏതാണ്ട് അൻപതിലേറെ ഇന്ത്യക്കാരാണ് കൊവിഡ് 19 ഭീതി നിലനിൽക്കുന്ന മലേഷ്യയിൽ നിന്നും രക്ഷപ്പെടാനാവാതെ കുടുങ്ങിയത്. മലേഷ്യയെ കൂടാതെ ഫിലിപ്പീൻസിലും ഇന്ത്യക്കാ‍‌​‌‌‌‍‌‍‌‌ർ കുടുങ്ങി കിടക്കുന്നുണ്ട്.