ദക്ഷിണാഫ്രിക്കയില്‍   ഷെഡ്യൂൾ 2, 3 പരിധിയിൽ വരുന്ന മരുന്നുകുപ്പികളാണ് കണ്ടെത്തിയത്. ഷെഡ്യൂള്‍ 2, 3 ന്‍റെ പരിധിയില്‍ വരുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ വില്‍ക്കാന്‍ പാടില്ലെന്ന് നിയമം നിലവിലിരിക്കെയാണ് ഒരുമിച്ച് ഇത്രയധികം ബോട്ടിലുകള്‍ ഒഴിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുള്ളത്.

ദക്ഷിണാഫ്രിക്കന്‍ നഗരമായ വെരുലത്ത് ആയിരക്കണക്കിന് കഫ് സിറപ്പ് ബോട്ടിലുകള്‍ ഒഴിഞ്ഞ നിലയില്‍ കണ്ടെത്തി. സ്വകാര്യ സുരക്ഷാ സംഘം ഈ മേഖലയില്‍ നടത്തിയ പതിവ് പരിശോധനയിലാണ് ചുമയ്ക്കുള്ള മരുന്നിന്‍റെ ആയിരക്കണക്കിന് കാലിയായ ബോട്ടിലുകള്‍ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ വടക്ക് തീരത്താണ് വിചിത്ര സംഭവം.

ലഹരി, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും ക്രിമിനലുകളുടെയും താവളമെന്ന് വിലയിരുത്തുന്ന മേഖലയിലാണ് ഒഴിഞ്ഞ ചുമ മരുന്നുകുപ്പികൾ കുന്നുകൂടിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ ഷെഡ്യൂൾ 2, 3 പരിധിയിൽ വരുന്ന മരുന്നുകുപ്പികളാണ് കണ്ടെത്തിയത്. ഷെഡ്യൂള്‍ 2, 3 ന്‍റെ പരിധിയില്‍ വരുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ വില്‍ക്കാന്‍ പാടില്ലെന്ന് നിയമം നിലവിലിരിക്കെയാണ് ഒരുമിച്ച് ഇത്രയധികം ബോട്ടിലുകള്‍ ഒഴിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുള്ളത്.

വെരുലം നഗരത്തിലെ മൂന്നിടങ്ങളില്‍ നിന്നായാണ് ഇവ കണ്ടെത്തിയത്. ടോഡിലെ പാലത്തിനടിയില്‍ നിന്നും ഗ്രൂം സ്ട്രീറ്റിലെ ഉപയോഗ ശൂന്യമായ റെയില്‍വെ ലൈനില്‍ നിന്നും ആര്‍102 തെക്കന്‍ പാതകളില്‍ നിന്നുമാണ് ഇത്. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്ന ക്രിമിനലുകള്‍ ഈ മേഖലകള്‍ സാധാരണമായി ഉപയോഗിക്കാറുണ്ട്. ഫാര്‍മസികളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തില്‍ ഈ മരുന്നുകള്‍ ഫാര്‍മസിയിലൂടെ വില്‍പന നടത്തിയിട്ടുള്ളവയല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ലഹരി വസ്തുവായി ഈ മരുന്നുകള്‍ ഉപയോഗിച്ചുവെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. കുറഞ്ഞ ചെലവില്‍ ലഹരി നേടാനുള്ള മാര്‍ഗമായാണ് കഫ് സിറപ്പിനെ ക്രിമിനലുകള്‍ ഉപയോഗിക്കുന്നതെന്ന സംശയത്തിലാണ് പൊലീസുള്ളത്.

നേരത്തെ ക്വാസുലു സര്‍വ്വകലാശാലയിലെ ഹ്യൂമന്‍ റിസോഴ്സ് വിഭാഗം നടത്തിയ പരിശോധനയില്‍ കൌമാരക്കാരില്‍ കഫ് സിറപ്പിന്‍റെ ഉപയോഗം വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. ഈ പ്രായക്കാരില്‍ വളരെ വ്യാപകമായി കഫ് സിറപ്പ് ഉപയോഗം നടക്കുന്നുവെന്നാണ് സര്‍വ്വേകളില്‍ വ്യക്തമായത്. ഉല്ലാസത്തിന് വേണ്ടി ആരംഭിക്കുന്ന പ്രവണത പിന്നീട് മാറ്റാന്‍ സാധിക്കാത്ത നിലയിലേക്ക് മാറുന്നതായാണ് പഠനം കണ്ടെത്തിയിട്ടുള്ളത്. മദ്യം, കഞ്ചാവ് എന്നിവയ്ക്ക് സമാനമായ ലഹരി കഫ് സിറപ്പും നല്‍കുന്നുവെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവരുടെ പ്രതികരണം.