ഏഷ്യാനെറ്റ് ന്യൂസിന് 30 ആണ്ടിന്‍റെ തിളക്കം, വമ്പൻ ആഘോഷം, കരൂർ ദുരന്തത്തിൽ നടൻ വിജയ് മുഖ്യമന്ത്രി സ്റ്റാലിനെതിരെ രംഗത്തെത്തി, ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിനിമയിലേക്ക് മടങ്ങിയെത്തി. അങ്ങനെ നിരവധി വാർത്തകളാണ് ഇന്നുണ്ടായത്…
മുപ്പതിന്റെ നിറവിൽ ഏഷ്യാനെറ്റ് ന്യൂസ്; ആഘോഷ സംഗമം, ആശംസയറിയിച്ച് പ്രധാനമന്ത്രിയടക്കമുള്ളവർ
മുപ്പതിന്‍റെ നിറവിൽ ഏഷ്യാനെറ്റ് ന്യൂസ്. ഇന്ത്യയിലെ ആദ്യ തത്സമയ സ്വകാര്യ വാര്‍ത്താ സംപ്രേഷണം തുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ആഘോഷ സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഫ്രാങ്ക് പി.തോമസാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ ഏഷ്യാനെറ്റ് ന്യൂസിന് ആശംസ അറിയിച്ച് രംഗത്തെത്തി.
മാധ്യമ മേഖല തിരിച്ചറിയാത്ത വിധം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില മാധ്യമങ്ങൾ കീഴ് വഴങ്ങി നിൽക്കുകയാണ്. ചിലർ ചെറുത്ത് നിൽക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിൽ മാധ്യമമേഖല വലിയ വെല്ലുവിളികൾ നേരിടുകയാണ്. ഇന്ത്യയിൽ മാധ്യമ സ്വത്രാന്ത്ര്യം ഗുരുതരാവസ്ഥയിലാണ്. മാധ്യമങ്ങളെ വരുതിയിലാക്കാൻ ലക്ഷ്യമിട്ട് ശ്രമം നടക്കുകയാണെന്നും ജനാധിപത്യ സംവിധാനത്തെ ആകെ ഇത് ബാധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ മുപ്പതാംവർഷ ആഘോഷ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന സംശയിക്കുന്ന ചോദ്യങ്ങളുമായുള്ള വീഡിയോ സന്ദേശത്തിൽ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വിജയ് വെല്ലുവിളിച്ചു. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.
കരൂരിൽ ടിവികെ റാലിക്കിടെ ആൾക്കൂട്ട ദുരന്തത്തിൽ നിരവധി പേർ മരിച്ചതിന് പിന്നാലെ ജെൻസി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീലങ്ക-നേപ്പാൾ മാതൃകയിലെ പ്രക്ഷോഭം വേണമെന്ന പോസ്റ്റിലാണ് നടപടി. പൊലീസ് ടിവികെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങള്‍ക്കൊപ്പമായിരുന്നു ആധവ് അർജുനയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്. യുവജന വിപ്ലവത്തിന് സമയം ആയെന്നും ആധവ് കുറിപ്പിൽ പറഞ്ഞിരുന്നു. ശ്രീലങ്കയും നേപ്പാളും ആവർത്തിക്കാനും ആഹ്വാനം ചെയ്തുള്ളതായിരുന്നു സമൂഹമാധ്യമങ്ങളിലെ കുറിപ്പ്. പോസ്റ്റിനെതിരെ ഡിഎംകെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ആധവ് അർജുന നടത്തിയത് കലാപാഹ്വാനം എന്നാണ് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിച്ചത്. ആധവിനെതിരെ കേസെടുക്കണം എന്നും ആവശ്യം ഉയർന്നിരുന്നു. വിവാദം ആയതോടെ ആധവ് അർജുന പോസ്റ്റ് പിൻവലിച്ചെങ്കിലും പൊലീസ് കേസെടുക്കുകയായിരുന്നു.
കരൂര്‍ ദുരന്തത്തിന് പിന്നാലെ രാഹുൽ ഗാന്ധി വിജയ്‍യെ വിളിച്ചതിൽ രാഷ്ട്രീയമില്ലെന്നും വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് വിളിച്ചതെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കോണ്‍ഗ്രസ് സംഘത്തിനൊപ്പം കരൂരിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ. കരൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെ കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും കണ്ടു. കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിൽ കോണ്‍ഗ്രസ് രാഷ്ട്രീയപോരിനില്ലെന്നും അതിനുള്ള സമയമല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. മരിച്ചവരുടെ ദുഃഖത്തിനു ഒപ്പം നിൽക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം. തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നും ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം. ഡിഎംകെ നേതാക്കളുടേയും ചില പൊലീസ് ഉദ്യോഗസ്ഥരുടേയും പേരുകൾ സന്ദേശത്തിലുണ്ട്. ഇവർക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും അത് കൊണ്ട് സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന്റെ പ്രതികാരമെന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വെയ്ക്കുമെന്നുമാണ് ഭീഷണി സന്ദേശം. ഭീഷണി സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്. ഇ-മെയിലിൻ്റെ അഡ്രസിനായി നേരത്തെ തന്നെ അന്വേഷണം നടന്നിരുന്നു. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ നേരത്തേയും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു.
മെഗാ ലുക്കിൽ മെഗാ സ്റ്റാർ റിട്ടേൺസ്; ആരാധകർ കാത്തിരുന്ന നിമിഷം
ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത് സ്വയം ഡ്രൈവ് ചെയ്‌ത്. ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
'നന്ദി പറയാൻ വാക്കുകളില്ല...'; മെഗാ കംബാക്കിന് പിന്നാലെ മമ്മൂട്ടി
തിരിച്ചുവരവിന് ശേഷം പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടി. ഇന്നാണ് ചെന്നൈയിൽ നിന്നും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പേട്രിയറ്റ് സിനിമയുടെ ലൊക്കേഷനിലേക്ക് മമ്മൂട്ടി യാത്ര തിരിച്ചത്. ക്യാമറ വിളിക്കുന്നുവെന്നും തന്റെ അഭാവത്തിൽ അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകളില്ലെന്നും മമ്മൂട്ടി കുറിച്ചു. "ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ മടങ്ങിയെത്തുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ മതിയാവില്ല. ക്യാമറ വിളിക്കുന്നു..." ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ മമ്മൂട്ടി പറയുന്നു.
വിശ്വാസ പ്രശ്നത്തിൽ ഇടത് അനുകൂല നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പരസ്യ പ്രതിഷേധം തുടരുന്നു. പത്തനംതിട്ട കുമ്പഴ തുണ്ടുമൺകരയിൽ കരയോഗ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ശരണം വിളിയോടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. സുകുമാരൻ നായർക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രി ഗണേഷ് കുമാറിനും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ആത്മാഭിമാനവും അന്തസ്സുള്ള നായന്മാർ പത്തനംതിട്ടയിലാണ് ഉള്ളത്. ആദ്യ എൻഎസ്എസ് കരയോഗം രൂപീകരിച്ചത് തന്നെ പത്തനംതിട്ടയിലാണ്. ചരിത്രം മന്ത്രി മനസ്സിലാക്കണം എന്നാണ് വിമർശകർ നൽകുന്ന മറുപടി.
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ക്വറ്റയിലെ സർഗുൻ റോഡിലുള്ള പൊലീസ് ആസ്ഥാനത്തിന് സമീപത്താണ് സ്ഫോടനം. ഉഗ്രശബ്‍ദത്തോടെയാണ് തിരക്കേറിയ സ്ഥലത്ത് സ്ഫോടനം ഉണ്ടായത്. സഗരത്തിലും പരിസര പ്രദേശങ്ങളിലും പൊട്ടിത്തെറിയുടെ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ തകർന്നുവെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'വിലപേശലൊന്നും വേണ്ട, മൂന്നോ നാലോ ദിവസം മാത്രം സമയം'; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്
ഗാസ സമാധാന പദ്ധതി അംഗീകരിക്കുന്നതിൽ തീരുമാനം അറിയിക്കാൻ ഹമാസിന് ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പദ്ധതി നിരസിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. 'മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ഹമാസ് തീരുമാനം എടുക്കണം. ഇല്ലെങ്കിൽ അത് വളരെ ദുഃഖകരമായ ഒരവസാനമായിരിക്കും' വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. ട്രംപിന്‍റെ നിർദ്ദേശത്തിന് ഇസ്രായേൽ നേതാക്കളും അറബ് ലോകത്തെ നേതാക്കളും ഇതിനകം അംഗീകാരം നൽകിയിട്ടുണ്ടെന്നും, ഇനി ഹമാസിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ വിലപേശലിന് ഇനി സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, വലിയ സാധ്യതയില്ല എന്നായിരുന്നു ട്രംപിന്‍റെ മറുപടി.
ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനെന്ന വാദത്തോടെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ പദ്ധതിക്ക് പൂർണ പിന്തുണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിലും പലസ്തീനിലും സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ പദ്ധതിക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെമ്പാടും വികസനം കൊണ്ടുവരാനും പദ്ധതി വഴികാട്ടുന്നുവെന്നും, ബന്ധപ്പെട്ടവർ ട്രംപിൻ്റെ നിർദേശങ്ങൾ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.


