ലണ്ടന്‍:  ജന്മദിനാഘോഷങ്ങള്‍ക്കിടെ നാലാം നിലയില്‍ നിന്ന് താഴെ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. ലണ്ടനിലെ ഹാരോയിലാണ് സംഭവം. പിതാവിന്‍റെ പേരിലുള്ള നാലുനില ഫ്ലാറ്റില്‍ വച്ചാണ് എഡ്വേര്‍ഡ് പോപാഡിക് എന്ന മൂന്ന് വയസുകാരന്‍ മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ജന്മദിനാഘോഷങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ദുരന്തം. 

ആഘോഷപരിപാടികള്‍ നടക്കുന്നതിനിടെ തുറന്നുകിടന്ന ജനലിലൂടെയാണ് എഡ്വേര്‍ഡ് താഴേക്ക് വീണത്. കുട്ടി നിലത്ത് വീഴുന്നത് കണ്ട് രക്ഷിതാക്കള്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. 

സമാനമായ സാഹചര്യത്തില്‍ രണ്ടുവയസുകാരന്‍ കൊല്ലപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. വാടക ഫ്ലാറ്റിന്‍റെ ഉടമസ്ഥനെതിരെ ഈ സംഭവത്തില്‍  അന്വേഷണം നടക്കുകയാണ്. കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതിരുന്ന ഫ്ലാറ്റ് ഉടമസ്ഥനെതിരെ ടോട്ടന്‍ഹാം സ്വദേശിയായ കുട്ടിയുടെ അമ്മ രംഗത്ത് വന്നിരുന്നു.