താലിബാന്‍ കാബൂള്‍ പിടിച്ച്, അഫ്ഗാനിസ്ഥാനില്‍ ഭരണത്തിലേക്ക് വരുന്ന അവസ്ഥയിലാണ് ബെഹസ്ത താലിബാന്‍ വക്താവുമായി അഭിമുഖം നടത്തിയത്. 

കാബൂള്‍: താലിബാന്‍ നേതാവുമായി ആദ്യമായി അഭിമുഖം നടത്തിയ അഫ്ഗാനിസ്ഥാനിലെ വനിത മാധ്യമപ്രവര്‍ത്തക രാജ്യം വിട്ടു. അഫ്ഗാന്‍ ന്യൂസ് ടിവി ചാനല്‍ ടോളോ ന്യൂസി വാര്‍ത്ത അവതാരകയായ ബെഹസ്ത അർഘണ്ടാണ് രാജ്യം വിട്ടത്. ഇവര്‍ ഖത്തറിലേക്കാണ് കടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റെല്ലാവരും പേടിക്കുന്നതു പോലെ താനും താലിബാനെ പേടിക്കുന്നെന്ന് ഇവര്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. 

താലിബാന്‍ കാബൂള്‍ പിടിച്ച്, അഫ്ഗാനിസ്ഥാനില്‍ ഭരണത്തിലേക്ക് വരുന്ന അവസ്ഥയിലാണ് ബെഹസ്ത താലിബാന്‍ വക്താവുമായി അഭിമുഖം നടത്തിയത്. താലിബാൻ വക്താവായ മൗലവി അബ്ദുൽ ഹഖ് ഹേമദിനെയാണ് ബെഹസ്ത ആഗസ്റ്റ് ആദ്യവാരം അഭിമുഖം നടത്തിയത്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ബെഹസ്ത അർഘണ്ട് ശ്രദ്ധിക്കപ്പെട്ടു. 

വെറും 50 ദിവസം മാത്രമാണ് ബെഹസ്ത ടോളോ ന്യൂസില്‍ വാര്‍ത്തകള്‍ വായിച്ചത്. പാക്ക് താലിബാനെതിരെയുള്ള നിലപാടുകളിലൂടെ പ്രശസ്തയാകുകയും നൊബേൽ സമ്മാനം നേടുകയും ചെയ്ത മലാല യൂസുഫ്സായിയെയും കഴിഞ്ഞ ദിവസം ഇരുപത്തിനാലുകാരിയായ ബെഹസ്ത അഭിമുഖം നടത്തിയിരുന്നു. അഫ്ഗാനിസ്ഥാന്‍ ടെലിവിഷന്‍ ആദ്യമായാണ് മലാല യൂസുഫ്സായിയുടെ അഭിമുഖം സംപ്രേഷണം ചെയ്തത്.

അതേ സമയം താലിബാന്‍റെ കീഴിലായതോടെ അഫ്ഗാനില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ നാട് വിടുകയാണ് എന്നാണ് റിപ്പോര്‍ട്ട്. പുതിയ ജീവനക്കാരെ കിട്ടാനില്ലെന്നും ടോളോ ന്യൂസിന്റെ മേധാവി സാദ് മുഹസനി പറയുന്നതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വഹീദ ഫൈസിയെന്ന ലോക്കൽ ന്യൂസ് റിപ്പോർട്ടർ അവരെന്നെ കൊല്ലുമെന്നു പറഞ്ഞു കാബൂൾ വിമാനത്താവളത്തിൽ നിന്ന് കരയുന്ന വീഡിയോ ആഗോളതലത്തില്‍ വൈറലായിരുന്നു. ഇതിന് പുറമേ കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വീഡിയോയില്‍ താലിബാൻ ഭരണത്തിനു കീഴിൽ ജനങ്ങളാരും പേടിക്കേണ്ടെന്ന് ഒരു അഫ്ഗാൻ വാര്‍ത്ത അവതാരകന്‍ പറയുന്നതും അദ്ദേഹത്തിനു പിന്നിൽ തോക്കുമായി രണ്ട് താലിബാൻ അംഗങ്ങൾ നിൽക്കുന്നതുമായിരുന്നു ഈ വീഡിയോ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight