ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും പ്രധാന സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണ്‍ റെയ്ഡ് ചെയ്തത്.  പ്രമുഖരുടെ വസതികളില്‍ ഒരേസമയത്താണ് പരിശോധന നടന്നത്. ഏഴ് പേരാണ് റെയ്ഡില്‍ പിടിയിലായത്.

ബാഗ്ദാദ്: ഇറാഖ് രാഷ്ട്രീയത്തെ പിടിച്ചുലച്ച അഴിമതിക്കേസില്‍ ഏഴ് ഉന്നത രാഷ്ട്രീയ നേതാക്കളെ സൈന്യം അറസ്റ്റ് ചെയ്തു. ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള പാര്‍ലമെന്റ് അംഗങ്ങളായ ഏഴ് പേരയൊണ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണ്‍ വളഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാടകീയമായ റെയ്ഡിന്റെ വിശദാംശങ്ങള്‍ ഇറാഖ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ മാസം അറസ്റ്റിലായ മുന്‍ പെട്രോളിയം ഉപമന്ത്രി അദ്‌നാന്‍ അല്‍ ജുമൈലിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റിലായ ജനപ്രതിനിധികളുടെ പാര്‍ലമെന്ററി പരിരക്ഷ നീക്കിയ ശേഷമായിരുന്നു സുരക്ഷാസേനയുടെ നടപടി. മുന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ സുഡാനിയുടെ പാര്‍ട്ടിയിലെ പ്രമുഖരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരായ അഴിമതി കേസിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും പ്രധാന സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണ്‍ റെയ്ഡ് ചെയ്തത്. എല്ലാ പ്രവേശന കവാടങ്ങളും ഒന്നിച്ച് അടച്ചശേഷമായിരുന്നു സൈനിക നടപടി. ഇവിടെയുള്ള പ്രമുഖരുടെ വസതികളില്‍ ഒരേസമയത്താണ് പരിശോധന നടന്നത്. ഏഴ് പേരാണ് റെയ്ഡില്‍ പിടിയിലായത്.

കഴിഞ്ഞ നവംബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അല്‍ സുഡാനിയുടെ സഖ്യം വലിയ വിജയം നേടിയിരുന്നു. എന്നാല്‍, ഇറാന്‍ അനുകൂല ഷിയാ പാര്‍ട്ടികളുടെ കൂട്ടായ്മയായ കോര്‍ഡിനേഷന്‍ ഫ്രെയിംവര്‍ക്കില്‍ പ്രധാനമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് അല്‍ സുഡാനിക്ക് പദവി ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. പകരമായി വ്യവസായിയും രാഷ്ട്രീയ പുതുമുഖവുമായ അലി അല്‍ സെയ്ദി പ്രധാനമന്ത്രിയായി. അമേരിക്കയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയോടെയാണ് അദ്ദേഹം പ്രധാനമന്ത്രിയായത്.

അധികാര വടംവലികളും അഴിമതി ആരോപണങ്ങളും നിരന്തരം ചര്‍ച്ചയാവുന്ന ഇറാഖ് രാഷ്ട്രീയത്തില്‍, ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും പ്രമുഖര്‍ ഉള്‍പ്പെട്ട റെയ്ഡും അറസ്റ്റും വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.