ബാങ്കോക്ക്: സെൽഫി എടുക്കുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. തായ്‍ലന്‍ഡിലെ കോ സമുയി ദ്വീപിലെ നാ മ്യൂങ് രണ്ട് എന്ന വെള്ളച്ചാട്ടത്തിലാണ് സംഭവം. മുപ്പത്തി മൂന്നുകാരനായ ഫ്രഞ്ച് വിനോദ സഞ്ചാരിയാണ് മരിച്ചത്. ഇതേ സ്ഥലത്ത് കഴിഞ്ഞ ജൂലൈയില്‍ ഒരു സ്‍പാനിഷ് സഞ്ചാരി വീണ് മരിച്ചതായി ദ്വീപിലെ ടൂറിസ്റ്റ് പൊലീസ് അറിയിച്ചു.

വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് കാൽ തെന്നി വീണതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞു. വെള്ളച്ചാട്ടത്തിൽ ഒഴുക്ക് അധികമായതിനാൽ മൃതദേഹം കണ്ടെത്താന്‍ ഏറെ സമയമെടുത്തുവെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ ആളുകൾ അപകടത്തിൽപ്പെടാതിരിക്കാൻ സ്ഥലത്ത് വടം കെട്ടി അപകട സൂചന നല്‍കിയിട്ടുണ്ട്.

വര്‍ഷംതോറും  35 മില്യണിലധികം വിനോദ സഞ്ചാരികളാണ് തായ്‍ലന്‍ഡിലെത്തിയിരുന്നത്. എന്നാല്‍ 2018-ല്‍ ചൈനീസ് സഞ്ചാരികളുമായി വന്ന ബോട്ട് മുങ്ങി 47 പേര്‍ മരിച്ചത് രാജ്യത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി. വിനോദ സഞ്ചാര മേഖലയിൽ ഏർപ്പെടുത്തിയിരുന്ന സുരക്ഷയുടെ കുറവാണ് അപകടത്തിന് കാരണമായതെന്ന വിമര്‍ശനങ്ങൾ അന്ന് ഉയർന്നിരുന്നു.