വെനസ്വേലയിൽ നടന്ന ആക്രമണങ്ങൾ ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ നടക്കുന്ന ആക്രമണം ആണെന്നും അത് വലിയ രീതിയിലെ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഗുസ്താവോ പെട്രോ പ്രതികരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സൈനിക നടപടിയിലൂടെ പിടികൂടിയതിന് പിന്നാലെ കൊളംബിയൻ പ്രസിഡന്റിന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്. കൊളംബിയയ്ക്ക് നേരെയും നടപടിയുണ്ടാവാമെന്ന രീതിയിലെ മുന്നറിയിപ്പാണ് ട്രംപ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് നൽകിയിരിക്കുന്നത്. പെട്രോയുടെ രാജ്യത്ത് കൊക്കെയ്ൻ നിർമ്മാണ ശാലകൾ ഉണ്ടെന്നും അവിടെ നിർമ്മിക്കുന്ന ലഹരിമരുന്ന് അമേരിക്കയിലേക്ക് കടത്തുകയാണെന്നും അതുകൊണ്ട് തന്നെ പെട്രോ സ്വന്തം കാര്യം നോക്കി ഇരിക്കുന്നത് നന്നായിരിക്കും എന്നാണ് ട്രംപ് വിശദമാക്കുന്നത്. വെനസ്വേലയിൽ നടന്ന ആക്രമണങ്ങൾ ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ നടക്കുന്ന ആക്രമണം ആണെന്നും അത് വലിയ രീതിയിലെ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഗുസ്താവോ പെട്രോ പ്രതികരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പെന്നതും ശ്രദ്ധേയമാണ്. കൊളംബിയയിലെ ലഹരിമരുന്ന് ശാലകളിൽ നിന്ന് അമേരിക്കയിലേക്ക് ലഹരിമരുന്ന് ഒഴുകുകയാണെന്നും വെനസ്വേലയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഗുസ്താവോ പെട്രോ വേവലാതിപ്പെടേണ്ടതില്ലെന്നുമാണ് ട്രംപിന്റെ പ്രതികരണം.

കരീബിയനിൽ സൈനിക വിന്യാസത്തിന് നിർദ്ദേശം നൽകിയത് മുതൽ രൂക്ഷമായി ട്രംപിനെ ഗുസ്താവോ പെട്രോ വിമർശിച്ചിരുന്നു. കൊളംബിയയിലെ ലഹരി മരുന്ന് ലാബോറട്ടറികളെ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞതിന് അധിനിവേശ ഭീഷണിയെന്നാണ് ഗുസ്താവോ പെട്രോ വിലയിരുത്തിയത്. അടുത്തതായി കൊളംബിയയിലെ ലഹരിമരുന്ന് മാഫിയകൾക്കെതിരെ അമേരിക്ക നടപടി എടുത്തേക്കാം എന്ന സൂചനയാണ് ട്രംപ് ഭീഷണിയിലൂടെ നൽകിയത്. വെനസ്വേലയിലെ എണ്ണ സമ്പത്തിന്മേൽ അമേരിക്കയ്ക്ക് നിയന്ത്രണം ലഭിക്കുമെന്ന സൂചനയാണ് മഡൂറോയെ പിടികൂടിയതിന് പിന്നാലെ ട്രംപിന്റെ പരാമർശം. രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് അമേരിക്ക ലക്ഷ്യമിടുന്നതിനിടെ സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് വെനസ്വേലയിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ താൽക്കാലിക ചുമതലയേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം