ദുർഘടവനമേഖലയിൽ 40 ദിവസം തനിച്ച് അതിജീവിച്ച കുട്ടികളെ രക്ഷാസേന കണ്ടെത്തിയിരുന്നു. എന്നാല്‍ രക്ഷാസേന കുട്ടികളെ കണ്ടെത്തുന്നതിന് മുന്പ് വില്‍സണ്‍ കുട്ടികളുടെ അടുത്തെത്തിയിരുന്നു.

ഗ്വവിയാരേ: പ്രതീക്ഷകള്‍ അവസാനിച്ചു. ആമസോണ്‍ കാടുകളില്‍ വില്‍സന് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ച് കൊളംബിയന്‍ സൈന്യം. ചെറുവിമാനം തകര്‍ന്ന് വീണ് കാട്ടില്‍ അകപ്പെട്ട ഗോത്രവര്‍ഗക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ സജീവമായി ഉണ്ടായിരുന്ന വിൽസൺ എന്നു പേരുള്ള ആറുവയസ്സുള്ള ബെൽജിയൻ ഷെപ്പേർഡ് മാലിനോയിസിനായുള്ള തെരച്ചില്‍ കൊളംബിയന്‍ സൈന്യം അവസാനിപ്പിച്ചു. ജൂണ്‍ 9ന് ആരംഭിച്ച തെരച്ചിലില്‍ പ്രതീക്ഷകളുടെ എല്ലാ സാധ്യതയും അവസാനിച്ചതിന് പിന്നാലെയാണ് വില്‍സണ് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് സൈന്യം വ്യക്തമാക്കുന്നത്.

കാലാവസ്ഥ മോശമായതും 20 മീറ്ററിന് അപ്പുറത്തേക്കുള്ള കാഴ്ചകള്‍ വ്യക്തമാവാതെയും വന്നതോടെയാണ് വില്‍സണ് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കുന്നത്. 70അല്‍ അധികം അംഗങ്ങളുള്ള സംഘമായിരുന്നു വില്‍സണ് വേണ്ടിയുള്ള തെരച്ചിലില്‍ സജീവമായിരുന്നത്. വില്‍സണ്‍ ട്രാക്കര്‍ ധരിച്ചിരുന്നുവെങ്കിലും നിലവില്‍ അതില്‍ നിന്നുള്ള സിഗ്നലുകളൊന്നും ലഭ്യമല്ല. വളരെ അധികം ദിവസങ്ങള്‍ കാട്ടില്‍ കഴിഞ്ഞതിനാല്‍ മനുഷ്യരുടെ വിളികളോട് പ്രതികരിക്കുന്നതിന് വില്‍സന് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മെയ് 1ന് ഉണ്ടായ വിമാന അപകടത്തിലാണ് പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും നാലും ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരങ്ങള്‍ കാട്ടിൽ അകപ്പെട്ടത്.

13 വയസുള്ള ലെസ്‌ലി, ഒമ്പത് വയസുള്ള സൊലെയ്‌നി, നാല് വയസുള്ള ടിയെന്‍, കാണാതാകുമ്പോള്‍ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന ക്രിസ്റ്റിന്‍ എന്നിവര്‍ ആമസോണ്‍ വനത്തില്‍ അതിജീവനത്തിന്റെ കരുത്തുറ്റ മാതൃകയായി മാറിയിരുന്നു. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂര്‍ത്തിയായ മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം വിമാനാവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന കുട്ടികളെ കണ്ടെത്താനായിരുന്നില്ല. അതേസമയം കുട്ടികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനുള്ള തെളിവുകള്‍ പുറത്ത് വന്നതോടെയായിരുന്നു ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും കുട്ടികളുടെ ഹെയര്‍ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിന് പിന്നാലെ സേനയുടെ നിരവധി സംഘങ്ങളാണ് അഗ്നി രക്ഷാ സേനയ്ക്കൊപ്പം ആമസോണ്‍ കാട് അരിച്ച് പെറുക്കിയത്.

ഒടുവില്‍ ദുർഘടവനമേഖലയിൽ 40 ദിവസം തനിച്ച് അതിജീവിച്ച കുട്ടികളെ രക്ഷാസേന കണ്ടെത്തിയിരുന്നു. എന്നാല്‍ രക്ഷാസേന കുട്ടികളെ കണ്ടെത്തുന്നതിന് മുന്പ് വില്‍സണ്‍ കുട്ടികളുടെ അടുത്തെത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന വില്‍സണായിരുന്നു രക്ഷാസംഘത്തിനെ ഇവരുടെ അടുത്തേക്ക് എത്തിക്കാന്‍ സഹായിച്ചിരുന്നു. 14 മാസത്തെ കഠിന പരിശീലനത്തിനൊടുവിലാണ് വില്‍സണ്‍ സേനയുടെ ഭാഗമായത്. മെയ് 28ന് കുട്ടികളുടെ കാല്‍ പാടുകള്‍ കണ്ടെത്തിയതിനൊപ്പം വില്‍സന്‍റെ കാല്‍പാടുകളും സൈന്യം കണ്ടെത്തിയിരുന്നു. 

'എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം'; മരിക്കുന്നതിന് മുമ്പ് ആ അമ്മ പറഞ്ഞു, ആമസോൺ കുട്ടികളുടെ അതിജീവന കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player