ഹോണോലുലുവിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞുണ്ടായ അപകടത്തിൽ വിമാനം പൂർണമായി കത്തിയമരുകയായിരുന്നു

ഹോണോലുലു: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയ ചെറുവിമാനം കത്തിനശിച്ചു. രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഹോമോലുലു വിമാനത്താവളത്തിന് സമീപമുണ്ടായ അപകടത്തിലാണ് പരിശീലന വിമാനം കെട്ടിടത്തിലേക്ക് ഇടിച്ച് കയറി കത്തിനശിച്ചത്. ദാനിയൽ കെ ഇനോയു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലും പരിസരത്തും വലിയ രീതിയിൽ കറുത്ത പുക നിറഞ്ഞിരുന്നു. 

കാമാക എയർ സെസ്ന 208 പരിശീലന വിമാനമാണ് വിമാനത്താവളത്തിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഇടിച്ച് കയറിയത്. പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 3.15ഓടെയായിരുന്നു അപകടം. ചാർട്ടർ വിമാനം അല്ല പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടതായുമാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. നിയന്ത്രണം നഷ്ടമായതിന് പിന്നാലെ സമീപത്തെ വലിയ കെട്ടിടങ്ങളിൽ ഇടിക്കാതിരിക്കാൻ പൈലറ്റുമാർ ശ്രമിച്ചതാണ് ആളപായം കുറയാൻ കാരണമായതെന്നാണ് എയർപോർട്ട് അധികൃതർ വിശദമാക്കുന്നത്. വിമാനത്താവളത്തിലെ ഇന്ധന ടാങ്കറുകൾക്ക് സമീപത്ത് നിന്ന് പൈലറ്റുമാർ ചെറുവിമാനം നിയന്ത്രിച്ച് നീക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂപ്പുകുത്തിയത്. 

Scroll to load tweet…

സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ താഴ്ന്ന് പറന്ന വിമാനം ആടിയുലഞ്ഞ് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി കത്തിനശിച്ചതായാണ് സംഭവത്തിന്റെ ദൃക്സാക്ഷികൾ വിശദമാക്കുന്നത്. വലിയ രീതിയിൽ തീ ഉയർന്നെങ്കിലും സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ അഗ്നിശമന സേനയ്ക്ക് സാധിക്കുകയായിരുന്നു. കെട്ടിടത്തിന് പരിസരത്ത് നിന്നായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. കാർഗോ വിമാനങ്ങളും ചാർട്ടർ വിമാനങ്ങളുടേയും സർവ്വീസ് നടത്തുന്ന സ്ഥാപനത്തിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ അപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റുമാരുടെ പേരുവിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം